കണ്ണൂർ സെൻട്രൽ ജയിലിലെ ഓഫീസിൽ നിന്നും രണ്ടുലക്ഷം രൂപ മോഷണംപോയി

കണ്ണൂർ: സെൻട്രൽ ജയിലിലെ ഓഫീസിൽ നിന്നും രണ്ടുലക്ഷം രൂപ മോഷണംപോയി. ജയിലിലെ പ്രധാന ഗെയിറ്റിനു സമീപത്തെ ഓഫീസിൽനിന്നാണ് പണം കവർന്നത്. പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 1,95,600 രൂപ കവർന്നു. ഇത്രയും സുരക്ഷയുള്ള ജയിനുള്ളിൽ കവർച്ച നടന്നത് പോലീസിനെയും ജയിൽ അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്. ടൗൺ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജയിലിലെത്തി പരിശോധന നടത്തി.
മോഷണത്തിൽ വളരെ വൈദഗ്ധ്യം നേടിയയാൾക്ക് മാത്രമേ ജയിലിൽ മോഷണം നടത്താകൂവെന്ന നിഗമനത്തിലാണു പോലീസ്. ജയിൽ വളപ്പിലെ ചപ്പാത്തി കൗണ്ടറിൽ നിന്നും വിൽപന നടത്തിയ ചപ്പാത്തി, ബിരിയാണി, ചിക്കൻ കബാവ്, ചിക്കൻ കറി, ചിപ്സ് എന്നിവയുടെ ഒരുദിവസത്തെ കളക്ഷനാണ് മോഷണം പോയത്. ജയിൽ ഭക്ഷണം വിറ്റു കിട്ടുന്ന പണം അതാത് ദിവസങ്ങളിൽ ജയിലിലെ ഓഫീസിൽ അടയ്ക്കുകയാണു പതിവ്.