കോവിഡ് വാക്സിനേഷന് സ്പോട്ട് ര‍ജിസ്ട്രേഷൻ ഇല്ല; ഇനി ഓൺലൈൻ രജിസ്ട്രേഷൻ മാത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷനുള്ള സ്പോട്ട് രജിസ്ട്രേഷൻ അവസാനിപ്പിച്ചതോടെ ബുദ്ധിമുട്ടിലായത് സാധാരണക്കാരും പ്രായമായവരും. സ്പോട്ട് രജിസ്ട്രേഷൻ നിർത്തിയത് അറിയാതെ നിരവധി പേരാണ് ഇന്നും വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയത്. രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ടോക്കണ്‍ വിതരണം ചെയ്യുകയുള്ളുവെന്ന് ഇവിടെ എത്തിയപ്പോൾ മാത്രമാണ് പലരും അറിയുന്നത്. ഇതോടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ എപ്രകാരമാണെന്ന് അറിയാത്ത സാധാരണ ജനങ്ങളും പ്രായമായവരും വാക്സിനേഷൻ കേന്ദ്രങ്ങളിലെ കണ്ണീർ കാഴ്ചയായി. പലരും വൈകാരികമായാണ് പ്രതികരിച്ചത്. 

ബുധനാഴ്ച രാത്രി മാത്രമാണ് സ്പോട്ട് രജിസ്ട്രേഷൻ അവസാനിപ്പിച്ചതായി സർക്കാർ അറിയിച്ചത്. സർക്കാർ വകുപ്പുകൾ, അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ മുഖേന രജിസ്ട്രേഷൻ നടത്തുന്നതിന് ജില്ലകൾ മുൻകൈയെടുക്കണമെന്ന് സർക്കുലർ ഇറക്കിയിട്ടുണ്ടെങ്കിലും അതൊന്നും പലസ്ഥലങ്ങളിലും നടപ്പായിട്ടില്ല. തിരുവനന്തപുരത്ത് ഉൾപ്പെടെ പല വാക്സിനേഷൻ കേന്ദ്രങ്ങളിലും ഇന്നും തിക്കുംതിരക്കുമുണ്ടായി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. സാമൂഹിക അകലം പാലിക്കണമെന്ന മാർഗനിർദേശം കാറ്റിൽപറത്തിയാണ് ജനങ്ങൾ തടിച്ചുകൂടിയത്. കിലോമീറ്ററുകളോളം ക്യൂ നീണ്ടു. ഇന്നു മുതൽ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകൾ മുൻകൂട്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ വഴി മാത്രമായിരിക്കും ലഭ്യമാകുക. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാവില്ലെന്ന് സർക്കാർ പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

You might also like

Most Viewed