സംഘപരിവാർ പ്രവർത്തകർ സിനിമാ ചിത്രീകരണം തടഞ്ഞതായി പരാതി

പാലക്കാട്: സിനിമാചിത്രീകരണം സംഘപരിവാർ പ്രവർത്തകർ തടഞ്ഞതായി പരാതി. മീനാക്ഷി ലക്ഷ്‌മൺ സംവിധാനം ചെയ്യുന്ന 'നീയാം നദി ' എന്ന സിനിമയുടെ ചീത്രീകരണമാണ് സംഘപരിവാർ പ്രവർത്തകർ തടഞ്ഞത്. കടന്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലാണ് ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗ് ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്. ഹിന്ദു മുസ്ലീം പ്രണയം പറയുന്ന സിനിമ എവിടെയും ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി സിനിമ പ്രവർത്തകർ പറഞ്ഞു. ക്ഷേത്രം അധികൃതരുമായി സിനിമയുടെ അണിയറ പ്രവർത്തകർ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയത്. എന്നാൽ സിനിമയുടെ കഥ പറയണമെന്ന് സംഘപരിവാർ പ്രവർത്തകർ ആവശ്യപ്പെടുകയും കഥ കേട്ടതോടെ ചിത്രീകരണം നിർത്തി വയ്‌ക്കാൻ ആവശ്യപ്പെടുകയായിരുന്നത്രേ. ഷൂട്ടിംഗ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് അണിയറ പ്രവർത്തകർ.