മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ:
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആന്‍റിജൻ പരിശോധനയിലും ആർടിപിസിആർ പരിശോധനയിലും പോസിറ്റീവ് ആയതോടെ മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. അതേസമയം മുഖ്യമന്ത്രിയുടെ ആരോഗ്യത്തിൽ ആശങ്കയില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാലും മുൻകരുതലിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുന്നത്. കണ്ണൂരിലെ വീട്ടിലാണ് അദ്ദേഹം ഉള്ളത്. മുഖ്യമന്ത്രിയുടെ മകൾക്ക് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്നാണ് മുഖ്യമന്ത്രി പരിശോധനയ്ക്ക് വിധേയനായത്. അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നു. മാർച്ച് മൂന്നിന് മുഖ്യമന്ത്രി കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് സെക്രട്ടറി കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദഗ്ധരുമായും വിഷയം ചർച്ചചെയ്തു.