ഇരിക്കൂരിൽ കോൺഗ്രസിൽ സീറ്റ് തർക്കം തുടരുന്നു

കണ്ണൂർ: ഇരിക്കൂരിൽ കോൺഗ്രസിൽ സീറ്റ് തർക്കം തുടരുന്നു. എ വിഭാഗം പ്രവർത്തകർ ശ്രീക്ണ്ഠപുരത്ത് കൺവൻഷൻ വിളിച്ചുചേർത്തു. സോണി സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലാണ് കൺവൻഷൻ വിളിച്ചുചേർത്തത്. മണ്ഡലത്തിൽ പ്രഖ്യാപിച്ച ഔദ്യോഗിക സ്ഥാനാർഥിയായ സജീവ് ജോസഫിനെ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. സജീവ് ജോസഫ് കെ.സി. വേണുഗോപാലിന്‍റെ നോമിനിയാണെന്നും എ ഗ്രൂപ്പ് മത്സരിച്ചു വരുന്ന സീറ്റിൽ മറ്റൊരാളെ അനുവദിക്കില്ലെന്നും പ്രവർത്തകർ അറിയിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിന്‍റെ ഭാഗമായി എം.എം. ഹസനും കെ.സി. ജോസഫും രാവിലെ കണ്ണൂരിലെത്തി ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ എ ഗ്രൂപ്പ് സജീവ് ജോസഫിന് വിജയസാധ്യതയില്ലെന്ന് വ്യക്തമാക്കിയിരുന്നു.
അതിന്‍റെ തുടർച്ചയായാണ് ഇരിക്കൂരിൽ സോണി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ കൺവൻഷൻ വിളിച്ചുചേർത്തത്. യോഗം വിമത സ്ഥാനാർഥി പ്രഖ്യാപനം പോലെയുള്ള നടപടികളിലേക്ക് കടക്കില്ലെന്നാണ് സൂചന. പ്രവർത്തകരുമായി കൂടിയാലോചന നടത്തി. നേതൃത്വത്തിന്‍റെ തീരുമാനം അനുകൂലമെങ്കിൽ മാത്രം കടുത്ത പ്രഖ്യാപനങ്ങളിലേക്ക് കടക്കാനാണ് പ്രവർത്തകരുടെ തീരുമാനം.