വടകരയിൽ കെ.കെ രമ തന്നെ; യുഡിഎഫ് പിന്തുണയ്ക്കും

വടകര: നിയമസഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ യു.ഡി.എഫ് പിന്തുണയോടെ കെ.കെ രമ ആർ.എം.പി സ്ഥാനാർത്ഥിയാവും. കോൺഗ്രസ് നേതൃത്വത്തിൻറെ കടുത്ത സമ്മർദ്ദത്തെത്തുടർന്നാണ് രമയെ സ്ഥാനാർത്ഥിയാക്കാനുളള ആർ.എം.പി തീരുമാനം. സംസ്ഥാന സെക്രട്ടറി എൻ. വേണുവിനെ സ്ഥാനാർഥിയാക്കാനായിരുന്നു ആർ.എം.പിയുടെ ആദ്യ തീരുമാനം. സ്ഥാനാർത്ഥി പ്രഖ്യാപനം പല വട്ടം മാറ്റിവച്ച ആർഎംപിക്ക് ഇന്നലെ രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം വന്നതോടെ മറ്റു വഴികളില്ലാതായി. വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെ കെ രമ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. എന്നാൽ പാർട്ടി സ്ഥാനാർത്ഥിയെ രമേശ് ചെന്നിത്തല പ്രഖ്യാപിച്ച നടപടി ശരിയായില്ലെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു പറഞ്ഞു.
വടകരയുടെ രാഷ്ട്രീയ സാഹചര്യം ആർഎംപിഐയെ കേന്ദ്രീകരിച്ചുകൊണ്ടാണെന്ന് എൻ വേണു പറഞ്ഞു. വടകര സീറ്റിൽ കെകെ രമ മത്സരിക്കുകയാണെങ്കിൽ ആർഎംപിയെ പിന്തുണക്കുമെന്നും ഇല്ലെങ്കിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ ദിവസം യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ പറഞ്ഞിരുന്നു.