നാദാപുരത്ത് പൊള്ളലേറ്റ കുടുംബത്തിലെ നാലു പേരിൽ ബാക്കിയായത് ഒരാൾ മാത്രം

കോഴിക്കോട്: ചെക്യാട് കായലോട്ട് താഴെ തീപ്പൊള്ളലേറ്റ് ഗൃഹനാഥനും മകനും മരിച്ചതിന് പിന്നാലെ ഭാര്യയും മരിച്ചു. കായലോട്ട് താഴെ റേഷൻ കടയ്ക്ക് സമീപം കീറിയപറന്പത്ത് രാജു(48)ന്റെ ഭാര്യ റീന(40) ആണ് ഇന്ന് മരിച്ചത്. രാജുവും, 17 വയസ്സുകാരൻ മകൻ സ്റ്റാലിഷും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി മരിച്ചിരുന്നു. ഇവരുടെ മറ്റൊരു മകൻ സ്റ്റഫിന്(14) കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരമണിയോടെയായിരുന്നു സംഭവം.
തിങ്കളാഴ്ച സമീപത്തെ വിവാഹവീട്ടിൽനിന്ന് രാത്രി വൈകിയാണ് റീനയും മക്കളും തിരിച്ചെത്തിയത്. രാജു വീട്ടിൽത്തന്നെയായിരുന്നു. പുലർച്ചെ രണ്ടരമണിയോടെ വിവാഹവീട്ടിലെ ആവശ്യത്തിന് മത്സ്യം വാങ്ങാൻ പോകുകയായിരുന്ന അയൽവാസികൾ രാജുവിന്റെ വീട്ടിൽനിന്ന് കൂട്ടനിലവിളികേട്ട് ഓടിയെത്തുകയായിരുന്നു. ശരീരത്തിൽ തീപടർന്ന് പ്രാണരക്ഷാർഥം വീടിനുള്ളിൽനിന്ന് പുറത്തേക്കു കടക്കാൻ ശ്രമിക്കുന്ന വീട്ടുകാരെയാണ് കണ്ടത്.ഉടൻ തന്നെ നാലുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റി. പാനൂരിൽനിന്ന് അഗ്നിരക്ഷസേനയെത്തിയാണ് തീയണച്ചത്. കിടപ്പുമുറി പൂർണമായി കത്തിനശിച്ചനിലയിലാണ്. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാദാപുരം ഡിവൈ.എസ്.പി. പി.എ. ശിവദാസിന്റെ നേതൃത്വത്തിൽ ഫൊറന്സിക്, വിരലടയാള വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി.