കേരളത്തിൽ നിന്ന് കർണാടക കേഡറിലേക്ക് മാറാനൊരുങ്ങി യതീഷ് ചന്ദ്ര

തിരുവനന്തപുരം: കേരളത്തിൽ നിന്ന് കർണാടക കേഡറിലേക്ക് മാറാനൊരുങ്ങി ഐപിഎസ് ഓഫീസർ യതീഷ് ചന്ദ്ര. മൂന്നു വർഷത്തേക്ക് കർണാടക കേഡറിലേക്ക് മാറാനുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. കഴിഞ്ഞ മാസമാണ് യതീഷ് ചന്ദ്ര കെഎപി നാലാം ബറ്റാലിയന്‍ മേധാവിയായി ചുമതലയേറ്റത്.
കണ്ണൂർ എസ്‌പി ആയിരിക്കെയാണ് കെഎപി നാലാം ബറ്റാലിയൻ മേധാവിയാകുന്നത്. വിവാദങ്ങൾക്ക് ഒട്ടും കുറവില്ലാത്ത ഐപിഎസ് ഓഫീസറായിരുന്നു യതീഷ് ചന്ദ്ര. വൈപ്പിന്‍ സമരക്കാരെ ലാത്തിചാർജ് ചെയ്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ലോക്ക്ഡൗൺ സമയത്ത് നിയമം പാലിക്കാത്തവരെ ഏത്തമിടീച്ച സംഭവവും വിവാദമായിരുന്നു. ശബരിമല വിവാദങ്ങൾക്കിടെ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണനുമായുണ്ടായ തർക്കം യതീഷ് ചന്ദ്രയെ വാർത്തകളിൽ നിറച്ചിരുന്നു.