ഈന്തപ്പഴ ഇറക്കുമതി അന്വേഷണം എന്തായെന്ന് കസ്റ്റംസിനോട് സംസ്ഥാന സര്‍ക്കാർ

തിരുവനന്തപുരം: ആരോപണമുയർന്ന ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടി സംസ്ഥാന സർക്കാർ കസ്റ്റംസിന് കത്ത് നൽകി. വിവരാവകാശ നിയമപ്രകാരമാണ് സർക്കാർ കസ്റ്റംസിനോട് ചോദ്യങ്ങൾ ഉയർത്തിയിട്ടുള്ളത്. ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട് എത്രപേർക്ക് സമൻസ് അയച്ചു. ഇറക്കുമതി ചെയ്ത വസ്തുക്കളുമായി ബന്ധപ്പെട്ട് കസ്റ്റംസ് എന്ത് നടപടിയാണ് സ്വീകരിച്ചത്. തുടങ്ങിയ ആറ് ചോദ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറാണ് ഇതുസംബന്ധിച്ച വിവരങ്ങൾ തേടി അപേക്ഷ നൽകിയിരിക്കുന്നത്.
മന്ത്രി കെ.ടി. ജലീലിനേയും പ്രോട്ടോക്കോൾ ഓഫീസറേയുമടക്കം ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. യുഎഇ കോൺസുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന് ഡ്യൂട്ടി അടക്കാൻ ബാധ്യസ്ഥനായ ഇറക്കുമതിക്കാരൻ ആരാണെന്നും സർക്കാർ കസ്റ്റംസിനോട് ആരാഞ്ഞു.
കസ്റ്റംസ് സമൻസയച്ചവരുടെ പൂർണ്ണ വിവരങ്ങളാണ് സർക്കാർ തേടിയിട്ടുള്ളത്. അവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും നിർദേശിച്ചു.