അപകടത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ച് മടങ്ങിയ ഓട്ടോ ഡ്രൈവര്‍ അപകടത്തില്‍ മരിച്ചു

കൊച്ചി: തൃപ്പൂണിത്തുറയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടു പേർ മരിച്ചു. ജോമോൾ, തൃപ്പൂണിത്തുറ സ്വദേശി തന്പി എന്നിവരാണ് മരിച്ചത്. രാവിലെ 6.45ഓടെ പേട്ട ഗാന്ധി സ്‌ക്വയറിന് സമീപം മിനി ബൈപ്പാസിലാണ് ആദ്യ അപകടമുണ്ടായത്. തൃശ്ശൂർ രജിസ്‌ട്രേഷനിലുള്ള കാറും എതിരെ വന്ന ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു. സഹോദരങ്ങളായ ജോമോൾ, സാൻജോ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. കാറിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുന്പോഴേക്ക് യുവതി മരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇവരെ തന്പിയുടെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരിക്കേറ്റ സാൻജോ ഗുരുതരാവസ്ഥയിലാണ്. യുവതിയെ ആശുപത്രിയിലാക്കി തിരികെ മടങ്ങുന്പോൾ മരട് കൊട്ടാരം ജംഗ്ഷനിൽവച്ച് നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലിലേക്ക് ഇടിച്ചു കയറിയാണ് തന്പി മരിച്ചത്.