ഇ.പി ജയരാജന്‍റെ ഭാര്യ കൊവിഡ് ചട്ടം ലംഘിച്ച് ബാങ്കിലെത്തി ലോക്കർ തുറന്നത് വിവാദത്തിൽ

കോഴിക്കോട്: മന്ത്രി ഇ.പി. ജയരാജന്‍റെ ഭാര്യ പി.കെ. ഇന്ദിര ക്വാറന്‍റൈൻ ലംഘിച്ച് കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി അടിയന്തര ലോക്കർ ഇടപാട് നടത്തിയത് വിവാദത്തിൽ. ഇവരുടെ മകൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രങ്ങൾ സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് ഇന്ദിര ബാങ്കിലെത്തി ലോക്കർ തുറന്നത്. ഇതേ, ശാഖയിൽ സീനിയർ മാനേജരായി വിരമിച്ചതാണ് ഇന്ദിര. കോവിഡ് പരിശോധനയ്ക്കായി സാന്പിൾ നൽകിയതിനു ശേഷം ക്വാറന്‍റൈനിൽ കഴിയവേ ഈ മാസം 10ന് ഉച്ചയോടെയാണ് ഇവർ ബാങ്കിലെത്തിയത്.
കോവിഡ് പ്രോട്ടോകോൾ പ്രകാരം, സ്രവ പരിശോധനയ്ക്കു ശേഷം ഫലം വരുന്നതുവരെ ക്വാറന്‍റൈനിൽ കഴിയണം. ബാങ്കിൽ നിന്നു തിരിച്ചെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ഇന്ദിരയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ഇതിനു പിന്നാലെ ബാങ്കിലെ മൂന്ന് പേർ ക്വാറന്‍റൈനിൽ പോകേണ്ടിവരികയും ചെയ്തു. വ്യാഴാഴ്ച ബാഗുമായി ബാങ്കിലെത്തി ലോക്കർ തുറന്ന് ഇടപാട് നടത്തിയ ശേഷം കൈയിലുണ്ടായിരുന്ന ഒരു പവൻ മാലയുടെ തൂക്കം നോക്കിച്ചിരുന്നു. ഇത് അസാധാരണ നടപടിയാണെന്ന് ബാങ്ക് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
ഇതേ തുടർന്നാണ് ഗോൾഡ് അപ്രൈസർ ക്വാറന്‍റൈനിൽ പോകേണ്ടി വന്നത്. സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട് ചില ഇടപാടുകളും നടത്തി. സ്ഥിര നിക്ഷേപം കൈകാര്യം ചെയ്യുന്ന ജീവനക്കാരനും ലോക്കർ തുറക്കാൻ ഒപ്പം ചെന്ന മാനേജരും ക്വാറന്‍റീനിൽ പോകേണ്ടി വന്നു. ക്വാറന്‍റൈൻ ലംഘിച്ച് ഇന്ദിര വരുന്നതിന്‍റെയും പോകുന്നതിന്‍റെയും ദൃശ്യങ്ങൾ ബാങ്കിലെ സിസിടിവിയിലുണ്ട്. ലോക്കർ രജിസ്റ്ററിൽ ഒപ്പുവച്ചിട്ടുമുണ്ട്.