ശശി തരൂരിന് രാഷ്ട്രീയമായ പക്വത ഇല്ലെന്ന് കൊടിക്കുന്നേൽ സുരേഷ്
തിരുവനന്തപുരം: തിരുവനന്തപുരം എം.പി ശശി തരൂരിനെ വിമര്‍ശിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്. പാര്‍ലമെന്‍റ് അംഗം എന്ന നിലയില്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്നും അല്ലാതെ വിശ്വപൗരനായത് കൊണ്ട് എന്തും പറയാം എന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും കൊടിക്കുന്നേല്‍ സുരേഷ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തനമോ പാര്‍ലമെന്‍ററി പ്രവര്‍ത്തനമോ മനസിലാക്കാന്‍ തരൂരിന് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് എടുത്തു ചാട്ടം. അദ്ദേഹം വിശ്വപൗരനായിരിക്കാം. അതുകൊണ്ട് എന്തും പറയാം എന്ന് ചിന്തിക്കുന്നത് ശരിയല്ല. ശശി തരൂർ വലിയ അറിവും പാണ്ഡ്യത്തവുമുള്ള ആളുമായിരിക്കാം. എന്നാല്‍ രാഷ്ട്രീയമായ പക്വത അദ്ദേഹത്തിന് ഇല്ല. കഴിഞ്ഞ ദിവസം പുറത്ത് വന്നത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ നിലപാടാണ്. പാര്‍ട്ടിയില്‍ വന്ന സമയത്തും ഇപ്പോഴും ശശി തരൂര്‍ ഒരു ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും കൊടിക്കുന്നേല്‍ സുരേഷ് വ്യക്തമാക്കി.

