ഉത്രാ വധം; കുറ്റപത്രം സമർപ്പിച്ചു, ഭർത്താവ് സൂരജ് മാത്രം പ്രതി


കൊല്ലം: ഉത്രയെ പാന്പിനെക്കൊണ്ട് കടിപ്പിച്ച് കൊലനടത്തിയ സംഭവത്തിൽ ഭർത്താവ് സൂരജിനെ മാത്രം പ്രതിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഗാർഹിക പീഡനത്തിനുള്ള കുറ്റപത്രം ഉടൻ സമർ‍പ്പിക്കും. മൂന്നൂറ് രേഖകളും 252 സാക്ഷികളും ഉൾപ്പെടുന്ന ആയിരം പേജുള്ള കുറ്റപത്രം കൊലാപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരിക്ക് ഏൽ‍പ്പിക്കൽ‍, തെളിവ് നശിപ്പിക്കൽ ഉൾപ്പടെയുള്ള വകുപ്പുകളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുള്ളത്. 

കേസിലെ രണ്ടാം പ്രതിയായിരുന്ന പാന്പ് പിടിത്തകാരൻ സുരേഷിനെ നേരത്തെ കോടതി മാപ്പ് സാക്ഷി ആക്കിയിരുന്നു. ഉത്രയെ പാന്പിനെ കൊണ്ട് കടിപ്പിച്ച രീതി പുനഃരാവിഷ്‍കരിച്ച് ശാസ്ത്രീയ തെളിവെടുപ്പുകൾ വരെ അന്വേഷണ സംഘം നടത്തി. ക്രൈബ്രാഞ്ച് സംഘത്തെ സഹായിക്കാൻ വനം, ആരോഗ്യം വകുപ്പുകളിൽ നിന്നുള്ള വിദഗ്ദരും ഉണ്ടായിരുന്നു. രണ്ട് പ്രാവശ്യമാണ് ഉത്രക്ക് പാന്പ് കടിയേൽക്കുന്നത്. ഇതുരണ്ടും സൂരജ് കരുതിക്കൂട്ടി പണം തട്ടുന്നതിന് വേണ്ടി നടത്തിയതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 

കൊലപാതക ശ്രമത്തിലും കൊലപാതകത്തിലും മറ്റുള്ളവരുടെ പങ്കുള്ളതായി പറയുന്നില്ല. രണ്ട് പ്രാവശ്യവും ഉത്രയെ പാന്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പ് ഗുളികകൾ നൽകി മയക്കിയിരുന്നതായും കുറ്റപത്രത്തിൽ‍ ഉണ്ട്. ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ച് പരിക്കിന് ചികിത്സിക്കുന്നതിനിടയിലാണ് മെയ് ആറിന് മൂർഖനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ സൂരജ് കൊലപ്പെടുത്തിയത്. കൊട്ടാരക്കര റൂറൽ എസ്പി എസ് ഹരിശങ്കറിന്‍റെ മേൽ നോട്ടത്തിൽ ജില്ലാ ക്രൈബ്രാഞ്ച് സംഘമാണ് കേസ്സ് അന്വേഷിച്ചത്. 82 ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed