മുഖ്യമന്ത്രിയും ഗവർണറും പെട്ടിമുടി സന്ദർശിച്ചു

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദർശിച്ചു. തൊഴിലാളികളുമായി ഇരുവരും സംസാരിച്ചു. പഴയ തേയില കന്പനിക്ക് സമീപം കാത്തു നിന്ന തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനായി മൂന്നാർ ടി കൗണ്ടിയിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, എം.എം മണി, ടി.പി രാമകൃഷ്ണൻ, ഡീൻ കുര്യാക്കോസ് എം.പി, എംഎൽഎമാരായ എസ്. രാജേന്ദ്രൻ, ഇ.എസ് ബിജിമോൾ, ഡിജിപി ലോക് നാഥ് ബഹ്റ, ദക്ഷിണമേഖല റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരി, ഐജി യോഗേഷ് അഗർവാൾ, ജില്ലാ കളക്ടർ എച്ച് ദിനേശൻ, എസ്പി ആർ കറുപ്പസ്വാമി എന്നിവരും ഒപ്പമുണ്ട്. മൂന്നാറിൽ തിരിച്ചെത്തുന്ന മുഖ്യമന്ത്രി അവലോകന യോഗത്തിൽ പങ്കെടുക്കും.
ഇന്ന് രാവിലെയാണ് ഗവർണറും മുഖ്യമന്ത്രിയും ഹെലികോപ്ടറിൽ മൂന്നാറിലെത്തിയത്. അവിടെ നിന്ന് റോഡുമാർഗമാണ് നാൽപ്പതുകിലോമീറ്റർ അകലെയുളള രാജമലയിലേക്ക് പോയത്.
ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കുശേഷമാണ് മുഖ്യമന്ത്രി രാജമലയിൽ എത്തിയത്. കരിപ്പൂർ ദുരന്തമുണ്ടായപ്പോൾ സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി രാജമല സന്ദർശിക്കാത്തതിനെ പ്രതിപക്ഷവും ബി ജെ പിയും രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രി വി മുരളീധരനും രാജമല സന്ദർശിച്ചിരുന്നു. രാജമലയിൽ ദുരന്തത്തിനിരയായവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും വിവാദമുണ്ടായിരുന്നു.