നന്പി നാരായണന് സർക്കാർ ഒരു കോടി 30 ലക്ഷം രൂപ കൂടി നഷ്ടപരിഹാരം നൽകി

തിരുവനന്തപുരം: ബഹിരാകാശ ശാസ്ത്രജ്ഞൻ നന്പി നാരായണന് സർക്കാർ ഒരു കോടി 30 ലക്ഷം രൂപ കൂടി നഷ്ടപരിഹാരം നൽകി. നേരത്തെ നൽകിയ 60 ലക്ഷം രൂപയ്ക്കു പുറമേയാണിത്. തുക ഡിജിപി കൈമാറി. ഐ.എസ്.ആർ.ഒ ചാരക്കേസിൽ മുന്‍പ് പൊലീസും മാധ്യമങ്ങളും പ്രതിസ്ഥാനത്തു നിർത്തിയ നന്പി നാരായണനാണ് സർക്കാർ നഷ്ടപരിഹാരം നൽകിയത്. ഒരു കോടി 30 ലക്ഷം കൂടി നൽകിയത് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്. ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് 20 വർഷം മുന്പാണ് നന്പി നാരായണൻ തിരുവനന്തപുരം സബ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.
സർക്കാരിനു പുറമേ മുൻ ഡിജിപിമാരായ സിബി മാത്യൂസ്, ടി.പി. സെൻകുമാർ എന്നിവരടക്കം പൊലീസ് ഉദ്യോഗസ്ഥരേയും എതിർകക്ഷിയാക്കിയിരുന്നു. കേസ് ഒത്തു തീർപ്പാക്കാനുള്ള സാധ്യത പരിശോധിക്കാനാണ് കെ. ജയ കുമാറിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. ഒരു കോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കെ. ജയകുമാർ ശുപാർശ ചെയ്തു.
പൊലീസിന് നീക്കിവച്ച തുകയിൽ നിന്നും പണം നൽകാൻ ഡിജിപിയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. നേരത്തെ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശ പ്രകാരം പത്തുലക്ഷം രൂപയും സുപ്രീംകോടതി നിർദ്ദേശ പ്രകാരം 50 ലക്ഷം രൂപയും നൽകിയിരുന്നു. പൊലീസുകാരിൽ നിന്ന് പണം ഈടാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സബ് കോടതിയെ സമീപിച്ചിട്ടുണ്ട്.