സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: രോഗവ്യാപനം പുതിയ ഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ സംസ്ഥാനത്ത് 32 കൊവിഡ് ബാധിതരാണ് ഉള്ളത്. ഇതിൽ 70 ശതമാനത്തോളം പേർക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്തുനിന്ന്. സന്പർക്കത്തിലൂടെ ഒന്പത് പേർക്കാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് പേരും വയനാട്ടിലാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം തടയാനായിരുന്നു സർക്കാരിന്റെ ശ്രമം. അതിന് സാധിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നാം കടന്നു. വിദേശത്ത് നിന്നും സംസ്ഥാനങ്ങളിൽ നിന്നും പ്രവാസി സഹോദങ്ങൾ തിരിച്ചെത്തുന്നു. ഈയാഴ്ച മുതൽ കൂടുതൽ പേരെത്തും. രോഗബാധിത മേഖലയിൽ നിന്ന് വരുന്നവരെയും കുടുംബത്തെയും സംരക്ഷിക്കുക, സമൂഹവ്യാപന ഭീതിയെ അകറ്റി നിർത്തുക എന്നിവയാണ് ലക്ഷ്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 32 രോഗബാധിതരുണ്ട്. 23 പേർക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്ത് നിന്ന്. ചെന്നൈയിൽ നിന്ന് വന്ന ആറ് പേർ, മഹാരാഷ്ട്രയിൽ നിന്ന് വന്ന നാല് പേർ, വിദേശത്ത് നിന്ന് 11, നിസാമുദ്ദീനിൽ നിന്ന് വന്ന രണ്ട് പേരും രോഗികൾ. സന്പർക്കത്തിലൂടെ വൈറസ് ബാധിച്ച ഒൻപത് പേരിൽ ആറ് പേർ വയനാട്ടിലാണ്. ചെന്നൈയിൽ പോയി വന്ന ട്രക്ക് ഡ്രൈവറുടെ മൂന്ന് കുടുംബാംഗങ്ങൾക്കും സഹഡ്രൈവറുടെ മകനും സന്പർക്കത്തിലെത്തിയ മൂന്ന് പേർക്കും കൊവിഡ് ബാധിച്ചു. വയനാടിന് പുറത്ത് രോഗബാധയുണ്ടായ മൂന്ന് പേർ വിദേശത്ത് നിന്ന് വന്നവരുടെ ഉറ്റവരാണ്.