സ്‌പ്രിംഗ്ളർ വിവാദം: സർക്കാരിനെതിരെ കൂടുതൽ ആരോപണവുമായി പ്രതിപക്ഷ നേതാവ്


തിരുവനന്തപുരം: സ്‌പ്രിംഗ്ളർ ഇടപാടിൽ ദുരൂഹത മാറിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴും വിവരങ്ങൾ പോകുന്നത് സ്പ്രിംഗ്ളറുടെ സെർവറിലേക്ക് തന്നെയാണെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് കരാർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. സർക്കാർ പുറത്തുവിട്ട രേഖ ഇമെയിൽ സന്ദേശങ്ങൾ മാത്രമാണ്. സ്പ്രിംഗ്ളറുടെ സർവീസ് സൗജന്യമല്ലെന്ന് സർക്കാർ രേഖകളിൽ നിന്ന് തന്നെ വ്യക്തമാണ്.

കൊവിഡ് 19 കഴിഞ്ഞാൽ സ്പ്രിംഗ്ളറിന് പണം കൊടുക്കണം. സേവനം സൗജന്യമാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സ്‌പ്രിംഗ്ളറുമായുള്ള കരാറിനെപ്പറ്റി മന്ത്രിമാർക്കോ സർക്കാർ വകുപ്പുകൾക്കോ അറിയില്ല. കരാറിൽ എന്തെങ്കിലും തർക്കമുണ്ടായാൽ കേസ് കൊടുക്കാൻ പോകേണ്ടത് ന്യൂയോർക്കിലാണ്. ഇന്ത്യയിൽ ഈ കരാർ ബാധകമല്ല.റേഷൻ കാർഡ് ഉടമകളുടെ വിവരവും സർക്കാർ ഈ കന്പനിക്ക് നൽകി. കേരളീയരുടെ മൗലികാവകാശം സംരക്ഷിക്കാൻ ന്യൂയോർക്കിൽ പോകേണ്ട സ്ഥിതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്പ്രിംഗ്ളർ വിഷയം താൻ വാർത്താസമ്മേളനം നടത്തി പുറത്തുവിട്ടത് പത്താം തീയതിയാണ്.അതിനുശേഷം സർക്കാർ ഇപ്പോൾ പുറത്തുവിട്ട ഉറപ്പ് കന്പനി പതിനൊന്ന്, പന്ത്രണ്ട് തീയതികളിൽ നൽകിയിരിക്കുന്നത്. ഇങ്ങനെയൊരു കരാറുമായി ബന്ധപ്പെട്ടുള്ള യാതൊരു നടപടിക്രമങ്ങളും സർക്കാർ പാലിച്ചിട്ടില്ല. തട്ടികൂട്ട് കരാറാണ് സ‌ർക്കാർ നടത്തുന്നതെന്നും സംസ്ഥാനത്തെ ജനങ്ങളെ സർക്കാർ കബളിപ്പിക്കുകാണെന്നും ചെന്നിത്തല ആരോപിച്ചു.

ഐ.ടി സെക്രട്ടറി സ്പ്രിംഗ്ളർ കന്പനിയുടെ വക്താവായി പ്രവർത്തിക്കുകയാണെന്നും സ്പ്രിംഗ്ളർ അഴിമതി കേരളം കണ്ട ഏറ്റവും വലിയ ഡാറ്റ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്‌പ്രിംഗ്ളർ കന്പനിയുടെ പേരിൽ കേസുണ്ട്. കൊവിഡിെനെ മറയാക്കി സംസ്ഥാനത്ത് അഴിമതി നടക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

You might also like

Most Viewed