എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ലോക്ക്ഡൗൺ പിൻവലിച്ച ശേഷം നടത്തും

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ലോക്ക്ഡൗൺ പിൻവലിച്ച ശേഷം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. പരീക്ഷാക്രമം മാറ്റാനോ ചുരുക്കാനോ ആലോചിക്കുന്നില്ല. കേന്ദ്ര−സംസ്ഥാന സർക്കാരുകൾ ലോക്ക്ഡൗൺ പിൻവലിക്കുകയും സാമൂഹിക അലകം പാലിക്കേണ്ടതില്ല എന്ന സ്ഥിതി വരുകയും ചെയ്യുന്പോഴാകും പരീക്ഷ നടത്തുക. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ തീയതി ഇപ്പോൾ പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്താം ക്ലാസിൽ മൂന്ന് പരീക്ഷകളും പ്ലസ് ടുവിലെ നാല് പരീക്ഷകളും വൊക്കേഷണൽ ഹയർ സെക്കന്ററിയിലെ അഞ്ച് പരീക്ഷകളും പൂർത്തിയാകാനുണ്ട്. പരീക്ഷ സംബന്ധിച്ച് വിദ്യാർത്ഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് മതിയായ സമയം നൽകിക്കൊണ്ട് മാത്രമേ പരീക്ഷ നടത്തുകയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.