ജനതാ കർഫ്യൂ: കേരളം കുടിച്ചത് 76.6 കോടിയുടെ മദ്യം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനു തലേദിവസം കേരളത്തിൽ റെക്കോർഡ് മദ്യവിൽപന. 22ന് രാവിലെ 7 മുതൽ രാത്രി 9 വരെയായിരുന്നു ജനതാ കർഫ്യൂ. 21ന് സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി രൂപയുടെ മദ്യം. വെയർഹൗസുകളിലൂടെ വിറ്റത് 12.68 കോടിയുടെ മദ്യം. കഴിഞ്ഞവർഷം ഇതേദിവസം ബിവറേജസ് ഔട്ട്ലറ്റിലൂടെ വിറ്റത് 29.23 കോടിയുടെ മദ്യമാണ്. വിൽപ്പനയിലെ വർദ്ധന 118.68%.
265 മദ്യവിൽപനശാലകളാണു ബിവറേജസ് കോർപറേഷനുള്ളത്. കൺസ്യൂമർഫെഡിന്റെ 36 മദ്യവിൽപനശാലകളുടെ കണക്ക് ലഭിച്ചിട്ടില്ല. ശരാശരി 26 കോടിയുടെ മദ്യവിൽപനയാണു സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്. എന്നാൽ ജനതാ കർഫ്യൂവിന്റെ തലേദിവസത്തെ വിൽപ്പന അധികൃതരുടെ കണക്കുകൂട്ടലിനും അപ്പുറത്തായി.