കേരളത്തിൽ പച്ചക്കറി വില കുതിക്കുന്നു; സർക്കാർ ഇടപെടലുണ്ടാകണമെന്ന് ആവശ്യം


തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യ സാധനങ്ങൾക്ക് വില കൂടുന്നു. കേരളത്തിൽ പച്ചക്കറി വില രണ്ടു ദിവസം കൊണ്ടു ഉയരാൻ തുടങ്ങി. കൂടുതൽപേരും ഉപയോഗിക്കുന്ന ചെറിയ ഉള്ളിയ്ക്കാണ് വൻതോതിൽ വില കൂടിയത്. കഴിഞ്ഞ ദിവസം വരെ 60 രൂപയ്ക്ക് വിറ്റിരുന്ന ചെറിയ ഉള്ളിക്ക് ഇന്നത്തെ വില 95 രൂപയാണ്. ഒറ്റയടിക്ക് 35 രൂപയാണ് ചെറിയ ഉള്ളിക്ക് കൂടിയത്.

തക്കാളിയുടെ വിലയും കൂടിയിട്ടുണ്ട്. ഇന്നലെ ഒരു കിലോ തക്കാളിക്ക് 20 രൂപയായിരുന്നെങ്കിൽ ഇന്ന് ഇത് 40 ആയി. 28 രൂപയായിരുന്ന പച്ചമുളകിന് 45 രൂപയായി വർദ്ധിച്ചിട്ടുണ്ട്. കാരറ്റ്, ബീൻസ് എന്നിവയ്ക്കും വില കൂടി. പത്ത് രൂപ വീതമാണ് കൂടിയത്.

പച്ചക്കറി കിറ്റിനും പല സ്ഥലങ്ങളിലും തോന്നിയ വിലയാണ് ഈടാക്കുന്നത്. ലോക്ക് ഡൗൺ ആയതോടെ അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞുവെന്നാണ് കച്ചവടക്കാർ പറയുന്നത്. വിലക്കയറ്റത്തിന് കാരണമിതാണെന്നും അവർ പറയുന്നു. വരും ദിവസങ്ങളിൽ പച്ചക്കറി വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.

അവശ്യ സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കുകയോ പൂഴ്ത്തിവെക്കുകയോ ചെയ്യാൻ പാടില്ലെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പച്ചക്കറി വില ക്രമാതീതമായി കൂടാൻ തുടങ്ങിയതോടെ വിപണിയിൽ സർക്കാർ ഇടപെടലുണ്ടാകണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്.

You might also like

  • Straight Forward

Most Viewed