ലോക്ക് ഡൗൺ: കാർഡുടമകൾക്കെല്ലാം സൗജന്യ റേഷൻ

തിരുവനന്തപുരം: രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്കെല്ലാം സൗജന്യമായി അരി നൽകുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. കോവിഡ് നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷ്യധാന്യ കിറ്റ് വീടുകളിൽ എത്തിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ബി പി എൽ വിഭാഗത്തിൽപ്പെട്ടവർക്ക് 35 കിലോ അരി സൗജന്യമായി നൽകും. നീല, വെള്ള കാർഡുകൾക്ക് 15 കിലോ അരി ലഭിക്കും. പലവ്യഞ്ജന സാധനങ്ങൾ നൽകുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ സമയക്രമത്തിലും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2 മണിവരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല.
സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ സിവില്‍സപ്ലൈസിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഗോഡൗണുകളില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ചരക്കു ട്രെയിനുകള്‍ക്കും വാഹനങ്ങള്‍ക്കും നിരോധനമില്ലാത്തതിനാല്‍ തന്നെ ഭക്ഷ്യക്ഷാമം നേരിടേണ്ടിവരില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.