പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ കേസിൽ പ്രതി ചേർക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കൊച്ചി പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം പൂജപ്പുരയിലെ ഓഫീസിൽ വിജിലൻസ് ഡിവൈഎസ് പി ശ്യം കുമാറിന്‍റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽനടക്കുക. വിജിലൻസ് ശേഖരിച്ച വിവിധ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇബ്രാഹിം കുഞ്ഞിൽനിന്നു ചോദിച്ചറിയുന്നതിനു വേണ്ടിയാണ് അദ്ദേഹത്തെ വിളിപ്പിച്ചിട്ടുള്ളത്.
അന്വേഷണവുമായി സഹകരിക്കുമെന്ന് ഇബ്രാഹിംകുഞ്ഞും വ്യക്തമാക്കിയിട്ടുണ്ട്. കരാറുകാരായ ആർഡിഎസ് കന്പനിക്ക് ചട്ടവിരുദ്ധമായി പണം അനുവദിച്ചുവെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ആരോപണം. കരാർ കന്പനിക്ക് മുൻകൂറായി എട്ടേകാൽ കോടി രൂപ കിട്ടിയതിനു പിന്നിൽ മന്ത്രിയുടെ ഇടപെടലാണെന്നാണ് വിജിലൻസ് നിഗമനം. കേസിൽ ഇതുവരെ പ്രതിപട്ടികയിലുൾപ്പെടാത്ത ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേർത്തേക്കുമെന്നും റിപ്പോർട്ടുണ്ട്. തെളിവുകളും എതിരാവുന്ന പക്ഷം അറസ്റ്റ് ചെയ്തേക്കുമെന്നാണു സൂചന.