കവിയൂർ കൂട്ടമരണ കേസ്‍ തുടരന്വേഷണത്തിന് ഉത്തരവ്: പെൺകുട്ടിനേരിട്ടത് ക്രൂരപീഡനം

തിരുവനന്തപുരം: കവിയൂർ കൂട്ടമരണ കേസിൽ സി.ബി.ഐയുടെ നാലാം തുടരന്വേഷണ റിപ്പോർട്ട് സി.ബി.ഐ കോടതി തള്ളി. വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിട്ടു. ആരാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്താൻ കഴിയാത്തതിനാലാണ് നാലാം റിപ്പോർട്ടും തള്ളിയത്. എന്നാൽ പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയായെന്നും റിപ്പോർട്ടിലുണ്ട്. പിതാവ് പീഡിപ്പിച്ചെന്ന വാദത്തിനു തെളിവില്ലെന്നു കണ്ടെത്തിയതിനാൽ മൂന്നു റിപ്പോർട്ടുകളും കോടതി തള്ളുകയും തുടരന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന് അന്വേഷണം നടത്തി സമർപ്പിച്ച നാലാം റിപ്പോർട്ടില്‍ പിതാവ് പീഡിപ്പിച്ചതിനു ശാസ്ത്രീയ തെളിവില്ലെന്നാണ് സി.ബി.ഐ വ്യക്തമാക്കിയത്. കവിയൂരിലെ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടതാണു കേസ്.
പെൺകുട്ടിയെ ലതാ നായർ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ചില സിനിമക്കാർക്കും മറ്റും കാഴ്ചവച്ചതിന്റെ അപമാനത്താൽ കുടുംബം ആത്മഹത്യ ചെയ്തുവെന്നാണു ബന്ധുക്കളുടെ ആരോപണം. 2004 സെപ്റ്റംബർ 28നാണു കുടുംബത്തിലെ അഞ്ചു പേരെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കിളിരൂർ കേസിലെ മുഖ്യ പ്രതി ലതാ നായരാണു കേസിലെ ഏക പ്രതി. ലതാ നായർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കാണു സി.ബി.ഐ കേസ് എടുത്തത്. മറ്റു പല ഉന്നതർക്കും കേസിൽ ബന്ധമുണ്ടെന്നാണു ഹർജികളിലെ ആരോപണം. കേസിലെ വി.ഐ.പി ബന്ധം അടക്കം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പിതാവിന്റെ സഹോദരൻ, ക്രൈം പത്രാധിപർ ടി.പി.നന്ദകുമാർ എന്നിവരാണു കോടതിയിൽ ഹർജി സമർപ്പിച്ചത്.