സഭാ തര്‍ക്കം: മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍ തടസ്സമാകരുത്; ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ്− യാക്കോബായ പള്ളി തര്‍ക്കത്തിന്റെ പേരില്‍ വിശ്വാസികളുടെ മൃതദേഹങ്ങള്‍ കുടുംബ കല്ലറകളില്‍ അടക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍. കുടുംബ കല്ലറ ഏതു പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാന്‍ അനുവദിക്കുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭ അനുമതി നല്‍കി.
തര്‍ക്കമുള്ള പള്ളിയാണെങ്കില്‍ മൃതദേഹം പുറത്തുവച്ച് സംസ്‌കാര ശുശ്രൂഷകള്‍ നടത്തിയ ശേഷമായിരിക്കും കല്ലറയിലേക്ക് കൊണ്ടുപോകുക. സഭാ തര്‍ക്കം ഇതില്‍ ബാധകമാകില്ലെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു.
സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി സുപ്രീം കോടതിയില്‍ നിന്ന് വിധി വന്നതിനു ശേഷമാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നത്. അനുമതി കാത്ത് മൃതദേഹങ്ങള്‍ ആഴ്ചകളോളം സൂക്ഷിച്ചുവയ്്‌ക്കേണ്ട സാഹചര്യവും വന്നിരുന്നു. ഇതോടെ വിഷയത്തില്‍ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യാക്കോബായ സഭ അറിയിച്ചു. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭ എതിര്‍പ്പുമായി രംഗത്തെത്തി. കോടതിവിധി എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. വിധി അട്ടിമറിക്കാന്‍ ശ്രമിക്കരുത്. അങ്ങനെ വന്നാല്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും സഭാ പ്രതിനിധി മുന്നറിയിപ്പ് നല്‍കി.