ശ്രീകരുണാകര ഗുരു ജന്മഗൃഹ സമുച്ചയ ശിലാസ്ഥാപനം നടന്നു

ആലപ്പുഴ: ആയിരങ്ങളെ സാക്ഷി നിര്‍ത്തി നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ജന്മഗൃഹ സമുച്ചയത്തിന്റെ ശിലാസ്ഥാപനം ചന്ദിരൂരില്‍ നടന്നു. സമുച്ചയത്തിന്റെ ശിലാസ്ഥാപനം ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അമൃത ജ്ഞാന തപസ്വിനി നിര്‍വ്വഹിച്ചു. പ്രാര്‍ത്ഥനാലയത്തില്‍ ഗുരുവിന്റെ ഛായാചിത്രം പുനഃപ്രതിഷ്ഠിച്ച് ആരാധന നടത്തി. ജന്മഗൃഹ സമുച്ചയം ഗുരുവിന്റെ ത്യാഗത്തില്‍ നിന്നാണ് ഇതള്‍ വിരിയുന്നതെന്ന് ഗുരുസ്ഥാനീയ അമൃത ജ്ഞാന തപസ്വിനി പറഞ്ഞു. സാധാരണത്വത്തില്‍ നിന്നും അസാധരണത്വത്തിന്റെ അപാരതയിലേയ്ക്ക് സഞ്ചരിച്ചയാളാണ് നവജ്യോതി ശ്രീകരുണാകര ഗുരുവെന്നും, ഇതിഹാസ തുല്യമായിരുന്നു ആ ജീവിതമെന്നും ഗുരുസ്ഥാനീയ കൂട്ടിച്ചേര്‍ത്തു. ഗുരുവിന്റെ ജീവിത സ്മരണകള്‍ തലമുറകളുടെ ധന്യതയാണെന്നും പറഞ്ഞു. ആശ്രമം പ്രസിഡണ്ട് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവരും ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്തെ തന്നെ പ്രധാനപ്പെട്ട മതേതര കേന്ദ്രമാകാൻ തയ്യാറെടുക്കുന്ന ശാന്തിഗിരി ജന്മഗൃഹ സമുച്ചയത്തിന്റെ ഒന്നാം ഘട്ടം ഗുരുവിന്റെ 100-ാം ജന്മദിനമായ 2027 സെപ്റ്റംബര്‍ ഒന്നിന് ഭക്തര്‍ക്കായി തുറന്നുകൊടുക്കാനാണ് പദ്ധതി. ആലപ്പുഴ, എറണാകുളം ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്ന് കൈതപ്പുഴ കായലോരത്തെ കരിനിലത്തെ അഞ്ചടിപ്പാടത്തിന് സമീപത്തെ ഏഴ് ഏക്കര്‍ സ്ഥലത്താണ് ഗുരുവിന്റെ ജന്മഗൃഹം. മൂന്നുഘട്ടങ്ങളിലായാണ് നിര്‍മാണം. 75,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സമുച്ചയത്തിന് 50 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലായിരിക്കും നിര്‍മ്മാണമെന്ന്, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു.
നിര്‍മിതിയില്‍ വിസ്മയമാകുന്ന ആത്മീയ സൗധത്തില്‍ ഒന്‍പത് അടി ഉയരമുള്ള 27 ആനകള്‍, മറ്റ് വിവിധ ശില്പങ്ങള്‍, സ്വര്‍ണ കൊടിമരം, 12 അടി ഉയരുമുള്ള കല്‍വിളക്കുകള്‍, 41 അടി ഉയരമുള്ള 21 ഇതളുകളോടുകൂടിയ വിടര്‍ന്ന താമര ശില്പം അതിന് മുകളില്‍ യുറോപ്യന്‍ രീതിയിലുള്ള ഫ്രസ്‌ക്കോ ചിത്രകലയിലുള്ള വിവിധ അലങ്കാരങ്ങള്‍, 4500 പേര്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന പ്രാര്‍ത്ഥനാ മണ്ഡപം തുടങ്ങിയവ നിര്‍മ്മിക്കും. ഇതോടൊപ്പം കരുണാകര ഗുരുവിന്റെ ജീവചരിത്രം ഉള്‍പ്പെടുന്ന വിഷ്വല്‍ മ്യൂസിയം, ആത്മീയ പ്രഭാഷണങ്ങള്‍ക്കായി മഹാമണ്ഡപം, ദര്‍ശന മണ്ഡപം, ധ്യാന മണ്ഡപം, ജപമണ്ഡപം, അന്നദാന മണ്ഡപം, കല്‍മണ്ഡപം, മണിമണ്ഡപം തുടങ്ങിയവ സമുച്ചയത്തിലെ പലഭാഗത്തായി നിര്‍മ്മിക്കും. രാജസ്ഥാന്‍ പിങ്ക് സാന്റ് സ്റ്റോണ്‍, ഇറ്റാലിയന്‍ കറാറ മാര്‍ബിള്‍, കളേഴ്‌സ് ക്രിസ്റ്റല്‍സ് സ്‌റ്റോണ്‍ തുടങ്ങിയവ ഉപയോഗിച്ചാണ് സമുച്ചയത്തിന്റെ നിര്‍മ്മാണമെന്നും സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ സ്വദേശി വിക്ടര്‍ പൈലിയാണ് കോണ്‍സ്പറ്റ് ഡിസൈനിംഗ്. ബാംഗ്ലൂരില്‍ നിന്നുള്ള ജി. മേഖല ഗുരുമൂര്‍ത്തിയും സമുച്ചയത്തിന്റെ രൂപകല്‍പ്പനയില്‍ പങ്കാളിയാകുന്നുണ്ട്. ശാന്തിഗിരി ആശ്രമം വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ജന്മഗൃഹ സമുച്ചയ ശിലാസ്ഥാപനം നടന്നത്.