ശബരിമലയിൽ യുവതികളെ കയറ്റിവിടേണ്ടതില്ലെന്ന സർക്കാർ നിലപാട് ഉചിതമാണെന്ന് ശബരിമല നിയുക്ത മേൽശാന്തി

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട ഇന്ന് തുറക്കുന്ന പശ്ചാത്തലത്തിൽ യുവതികളെ കയറ്റിവിടേണ്ടതില്ലെന്ന സർക്കാർ നിലപാട് ഉചിതമാണെന്ന് ശബരിമല നിയുക്ത മേൽശാന്തി എ.കെ സുധീർ നന്പൂതിരി. “വിശാല ബെഞ്ചിന് യുവതീ പ്രവേശന ഹർജികൾ വിട്ടത് ആശ്വാസകരമാണ്. മുൻ വർഷത്തേക്കാൾ തീർത്ഥാടകർ കൂടുതലായി എത്തുമെന്ന് കരുതുന്നു. യുവതികളെ കയറ്റിവിടേണ്ടതില്ലെന്ന സർക്കാർ നിലപാട് ഉചിതമാണ് .” നിയുക്ത മേൽശാന്തി എ.കെ സുധീർ നന്പൂതി പ്രതികരിച്ചു.
വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല നടതുറക്കുക. ഇന്ന് പ്രത്യേക പൂജകൾ ഇല്ല. സുരക്ഷ കണക്കിലെടുത്ത് പോലീസ് സേനയെ വിന്യസിക്കുന്ന ജോലികളും പൂർത്തിയായി. ശബരിമല തീർത്ഥാടന കാലത്തെ കുറിച്ച് ആശങ്കയില്ലെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി.എസ് രാജേന്ദ്ര പ്രസാദും പ്രതികരിച്ചു. “70% കടമുറികളും ലേലത്തിൽ പോയിട്ടുണ്ട്. ആവശ്യത്തിന് അപ്പം, അരവണ എന്നിവ കരുതൽ ശേഖരമുണ്ട്.ശബരിമല കേസ് വിശാല ബെഞ്ചിന് വിട്ടതും സർക്കാർ സമീപനവും തീർത്ഥാടകർക്ക് ആശ്വാസകരമാണെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പ്രതികരിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നും എത്തി പന്പ, നിലക്കൽ എന്നിവിടങ്ങളിൽ തങ്ങുന്ന തീർത്ഥാടകരെ ഉച്ചക്ക് രണ്ട് മണിമുതലാണ് സന്നിധാനത്തേക്ക് കടത്തിവിടുക. ഇതിനുള്ള സംവിധാനങ്ങൾ പൂർത്തിയായി. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠർ മഹേഷ്മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി നട തുറക്കും. നെയ്യ് വിളക്ക് തെളിച്ച് ഭക്തജനസാന്നിധ്യം അറിയിക്കുന്നതോടെ മണ്ഡലകാലത്തിന് തുടക്കമാകും.