കിഫ്ബി ടെക്‌നിക്കല്‍ എക്‌സാമിനറിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി.സുധാകരന്‍


തിരുവനന്തപുരം: ധനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിഫ്ബിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ രംഗത്ത്. കിഫ്ബി പ്രവർത്തനങ്ങളിൽ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനില്ല. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാർ എന്ത് റിപ്പോർട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥർ അത് വെട്ടും. ചെയ്യാനാകുന്ന പണി മാത്രം പൊതുമരാമത്ത് വകുപ്പ് എടുത്താൽ മതിയെന്നും ജി സുധാകരൻ പറഞ്ഞു.
 "കിഫ്ബിയിലെ കാര്യങ്ങളിൽ ഇടപെടേണ്ട കാര്യം പൊതുമരാമത്ത് എഞ്ചിനീയർമാർക്കില്ല. പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്ത് കൊടുത്താലും കിഫ്ബിയിലെ ചീഫ് ടെക്നിക്കൽ എക്സാമിനറായിരിക്കുന്ന ഉദ്യോഗസ്ഥൻ അത് വെട്ടും. അയാൾ ഒരു രാക്ഷസനാണ്. അയാൾ ഭകൻ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്. എല്ലാ ദിവസവും പിടിച്ചുവെക്കാൻ അയാൾക്ക് എന്തെങ്കിലും വേണം. എന്തിനാ ഇങ്ങനെയൊരു മനുഷ്യൻ അവിടെയിരിക്കുന്നത്. ചീഫ് എഞ്ചിനീയർ കൊടുക്കുന്ന റിപ്പോർട്ട് പരിശോധിക്കുന്നത് എക്സിക്യുട്ടീവ് എഞ്ചിനീയറായ സി.ടി.ഇ ആണ്. ലോകത്തിലെവിടെയെങ്കിലും ഇതുപോലെ ബാലിശമായ നിയമമുണ്ടോ. അവിടെ സി.ടി.ഇ ആയി ഒരു ചീഫ് എഞ്ചിനീയറെ നിയമിക്കാൻ തയ്യാറാവണം. ധനവകപ്പ് അതിന് തയ്യാറാവുന്നില്ല. ഇതൊക്കെ ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ എന്നേ മെച്ചപ്പെടുമായിരുന്നു.
നിർമ്മാണവും അറ്റകുറ്റ പണികളും കിഫ്ബിയെ ഏൽപ്പിച്ചതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനല്ല. ചെയ്യാനാവുന്ന പണി മാത്രം പൊതുമരാമത്ത് എഞ്ചിനീയർമാർ ഏറ്റെടുത്താൽ മതി. സ്കൂളുകളുടെ പണി ഏറ്റെടുക്കേണ്ട. അതെല്ലാം തദ്ദേശ സ്ഥാപനങ്ങൾ ചെയ്താൽ മതി. കഴിയാത്ത പണി ഏറ്റെടുക്കുന്നതിലൂടെ തീർക്കാൻ കഴിയാതെ പേരുദോഷവും പരാതിയും കേൾക്കേണ്ടി വരും. ബന്ധപ്പെട്ട വകുപ്പുകൾ എഴുതി നൽകിയാൽ മാത്രം അത്തരം വകുപ്പുകൾ ഏറ്റെടുത്താൽ മതിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed