പത്തുവർഷം മുമ്പ് നടന്ന മരണത്തില്‍ ദുരൂഹത; 14 വയസുകാരന്‍റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റുമോർട്ടം
തിരുവനന്തപുരം: പത്തുവർഷം മുമ്പ് തിരുവനന്തപുരം ഭരതന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച 14 വയസുകാരൻ ആദര്‍ശിന്‍റെ മൃതദേഹം പുറത്തെടുക്കുന്നു. മെഡിക്കൽ കോളേജിലെ ഫൊറൻസിക് ഡോക്ടറുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുക്കുന്നത്. മരണകാരങ്ങള്‍ സംബന്ധിച്ചുള്ള അവ്യക്ത നീക്കാനാണ് മൃതദേഹം ക്രൈം ബ്രാഞ്ച് വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത്. ആദർശിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുകയും ഡി.എൻ.എ പരിശോധന നടത്തുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണൻ വ്യക്തമാക്കി. ആദർശിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് നിഗമനം.
പാലുവാങ്ങാനായി പുറത്തേക്കു പോയ ആദർശിനെ പിന്നിട് വീടിന് സമീപമുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കടയ്ക്കാവൂർ സർക്കാർ ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ തലക്കടിയേറ്റതാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. പക്ഷെ അന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിൽ പാങ്ങോട് പോലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിരുന്നു. ആദർശിന്‍റെ വസ്ത്രത്തിൽ പുരുഷബീജവും കണ്ടെത്തിയിരുന്നു. പീഡനത്തെ തുടർന്നാണ് ആദര്‍ശ് മരിച്ചതെന്ന നിഗമനത്തിലാണ് പിന്നീട് ക്രൈംബ്രാഞ്ച് കേസെറ്റെടുത്തത്.
ഇതിന്‍റെ അടിസ്ഥാനത്തിൽ നിരവധിപ്പേരെ പോലീസ് ചോദ്യം ചെയ്തു. രണ്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി. പക്ഷെ 10 വർഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പുതിയെ അന്വേഷണ സംഘം അന്നെടുത്ത ഫോട്ടോയും പോസ്റ്റുമോർട്ടം റിപ്പോർട്ടുമെല്ലാം ഫോറൻസിക് വിദഗ്ധർക്ക് കൈമാറുകയും നിരവധി പ്രാവശ്യം ചർച്ച നടത്തുകയും ചെയ്തു.

