കൂടത്തായി കൂട്ടമരണം: ജോളിയടക്കം മൂന്നു പേർ അറസ്റ്റില്‍
വടകര: കോഴിക്കോട് കൂടത്തായിയിൽ അടുത്ത ബന്ധുക്കളായ ആറുപേർ വർഷങ്ങളുടെ ഇടവേളയിൽ മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി ജോളി, ജോളിയുടെ സുഹൃത്തായ ജ്വല്ലറി ജീവനക്കാരൻ മാത്യു, മാത്യുവിന്റെ സുഹൃത്ത് സ്വർണപ്പണിക്കാരൻ പ്രജുകുമാർ എന്നിവരാണ് അറസ്റ്റിലായത്. വടകര റൂറൽ എസ്.പി. ഓഫീസിൽവെച്ച് ചോദ്യം ചെയ്ത ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയത് ജ്വല്ലറി ജീവനക്കാരാണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെയും അറസ്റ്റ് ചെയ്തത്. ജോളിയുടെ ഭർത്താവ് ഷാജുവിനെയും പിതാവിനെയും ചോദ്യംചെയ്യലിനു ശേഷം നേരത്തെ വിട്ടയച്ചിരുന്നു.
മരിച്ചവരുടെ മൃതദേഹം കല്ലറകളിൽനിന്ന് പുറത്തെടുത്ത് കഴിഞ്ഞദിവസം പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ റിപ്പോർട്ട് ഫോറൻസിക് ലാബിൽനിന്ന് ലഭിച്ചതിനുശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് നേരത്തെ തീരുമാനിച്ചതെങ്കിലും ഇവർ കുറ്റം സമ്മതിച്ച സാഹചര്യത്തിൽ ശനിയാഴ്ച തന്നെ അറസ്റ്റ് രേഖപ്പെടുത്താമെന്നാണ് അന്വേഷണസംഘത്തിന് കിട്ടിയ നിയമോപദേശം.
2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേർ ഒരേസാഹചര്യത്തിൽ മരിച്ചത്. കൂടത്തായിയിലെ റിട്ട.അധ്യാപികയായ അന്നമ്മ തോമസാണ് 2002 ഓഗസ്റ്റ് 22-ന് ആദ്യം മരിച്ചത്. ആട്ടിൻസൂപ്പ് കഴിച്ചതിന് പിന്നാലെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. ആറുവർഷത്തിനുശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസും ഇതിനുമൂന്നുവർഷത്തിന് ശേഷം ഇവരുടെ മകൻ റോയ് തോമസും മരിച്ചു.
കൂട്ടമരണങ്ങളില്‍ ഏറ്റവും ദാരുണവും വേദനാജനകവും രണ്ടുവയസ്സുള്ള കുഞ്ഞിന്റെയും അമ്മയുടെയും മരണം. പൊലീസ് കസ്റ്റഡിയിലുള്ള ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയും മകള്‍ രണ്ടു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആല്‍ഫൈനും സയനൈഡ് ഉള്ളില്‍ ചെന്നു തന്നെയാണു മരിച്ചതെന്നാണു പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

