സിസ്റ്റർ അഭയ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുന്ന സമയത്ത് കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിൽ അഭയയുടെ ശിരോ വസ്ത്രവും ചെരിപ്പും കോടാലിയും കണ്ടെന്നായിരുന്നു ആനി ജോണിന്‍റെ മുൻ മൊഴി. ശിരോ വസ്ത്രം മാത്രം കണ്ടെന്നാണ് ഇന്നത്തെ മൊഴി. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി
അഭയ കേസിൽ നേരത്തെ നാല് സാക്ഷികള്‍ കൂറുമാറിയിരുന്നു. നാലാം സാക്ഷി സഞ്ജു പി മാത്യു, 50-ാം സാക്ഷി സിസ്റ്റർ അനുപമ, 21-ാം സാക്ഷി നിഷാ റാണി, 23-ാം സാക്ഷിയായ അച്ചാമ്മ എന്നിവരാണ് കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ മറ്റ് സാക്ഷികൾ. 2009-ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.
കേസിലെ പ്രതിയായ വൈദികന്റെ വാഹനം അഭയകൊല്ലപ്പെട്ട ദിവസം രാത്രിയിൽ മഠത്തിന്‍റെ മതിലിന് സമീപം കണ്ടുവെന്ന മൊഴിയാണ് സഞ്ജു പി മാത്യു തിരുത്തിയത്. ഓഗസ്റ്റ് 27-ന് നടന്ന വിചാരണക്കിടെയാണ് സിസ്റ്റർ അനുപമ കൂറുമാറിയത്. കൊലപാതകം നടന്ന ദിവസം കോൺവെന്റിലെ അടുക്കളയിൽ ശിരോവസ്ത്രവും ചെരിപ്പും കണ്ടുവെന്ന സി.ബി.ഐയ്ക്ക് നൽകിയ മൊഴിയാണ് സാക്ഷി വിസ്താരത്തിനിടെ സിസ്റ്റർ അനുപമ കോടതിയിൽ മാറ്റി പറഞ്ഞത്. പഠിച്ചു കൊണ്ടിരുന്നപ്പോൾ കിണറ്റിനുള്ളിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന മൊഴിയും സിസ്റ്റർ തിരുത്തി. എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന സിസ്റ്റർ സെഫി, അഭയ കൊല്ലപ്പെട്ട ദിവസം ദേഷ്യത്തിലായിരുന്നെന്നും അസ്വാഭാവികമായി പെരുമാറിയെന്നുമുള്ള മൊഴിയാണ് നിഷ റാണി തിരുത്തിയിരുന്നത്. പ്രത്യേകിച്ചൊരു സ്വഭാവമാറ്റവും രണ്ടാം പ്രതിയായ സിസ്റ്റർ സെഫിയ്ക്കുണ്ടായിരുന്നില്ലെന്നാണ് വിചാരണയ്ക്കിടെ നിഷ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിൽ പറഞ്ഞത്.