കയാക്കിംഗ് പരിശീലനത്തിനെത്തിയ രണ്ട് പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട്: കയാക്കിംഗ് പരിശീലനത്തിനെത്തിയ രണ്ട് പേർ ഒഴുക്കിൽ പെട്ട് മരിച്ചു. ചെമ്പനോട കടന്തറ പുഴയിൽ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ഉത്തരാഖണ്ഡ് സ്വദേശികളാണ് മരിച്ചത്. അഞ്ചു പേരടങ്ങുന്ന സംഘമായിരുന്നു പശീലനത്തിനെത്തിയത്. ഇതിൽ രണ്ടുപേരാണ് ഒഴുക്കിൽ പെട്ടത്. കടന്തറ പുഴയുടെ ഭാഗമായ ചെമ്പനോട കള്ള്ഷാപ്പ് പടിയിലാണ് അപകടം നടന്നത്.
വലിയ പാറക്കെട്ടുകൾ ഉള്ള കടന്തറ പുഴ ഏറെ അപകടം പിടിച്ചതാണ്. രണ്ട് വർഷം മുമ്പ് ആറ് കുട്ടികൾ ഇവിടെ മുങ്ങി മരിച്ചിരുന്നു. പ്രദേശത്ത് മഴയില്ലെങ്കിൽ പോലും പെട്ടെന്ന് വെള്ളം ഉയർന്ന് അപകടസ്വഭാവം കാണിക്കുന്ന പുഴയാണിത്. അതുകൊണ്ടു തന്നെ പുഴയെ അറിയാത്തവർ വെള്ളത്തിലിറങ്ങിയാൽ അപകടം ഉറപ്പാണെന്ന് നാട്ടുകാർ പറയുന്നു. അധികൃതരുടെ അനുമതിയില്ലാതെയാണ് ഇവർ പരിശീലനത്തിനെത്തിയതെന്നാണ് പറയപ്പെടുന്നത്. ഒരാൾ അപകടത്തിൽ പെട്ടപ്പോൾ രക്ഷിക്കാനായി ചാടിയതാണ് മാറ്റേയാൾ. ഇവരെ ഏറെ ദൂരെ നിന്നാണ് കണ്ടെത്തിയത്. ഇവരെ കുറ്റ്യാടി ഗവ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.