ബിജിലിന്റെ ചിത്രീകരണം പൂർത്തിയായി: അണിയറ പ്രവർത്തകർക്ക് സ്വർണ മോതിരം നൽകി വിജയ്
ചെന്നൈ: വിജയ്-അറ്റ്ലി ടീം പുതിയ ചിത്രം ബിജിലിന്റെ ചിത്രീകരണം പൂർത്തിയായി. ഷൂട്ടിംഗ് തീർന്നതിന്റെ സന്തോഷത്തിൽ അണിയറ പ്രവർത്തകരും അഭിനേതാക്കളും അടങ്ങുന്ന 400 പേരോളം വരുന്ന സംഘത്തിന് സ്വർണമോതിരം സമ്മാനിച്ചിരിക്കുകയാണ് വിജയ്. വിജയിന്റെ പക്കൽനിന്ന് സമ്മാനം ലഭിച്ചതിനുള്ള സന്തോഷം ബിജിൽ ടീം പങ്കുവച്ചു. എല്ലാ മോതിരത്തിലും ബിജിൽ എന്ന് കുറിച്ചിട്ടുണ്ട്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയ്ക്ക് പിറകിൽ അഹോരാത്രം പ്രവർത്തിച്ചവർക്കുള്ള സമ്മാനമാണിത്. പ്രശസ്തിക്കും പ്രചരണത്തിനും വേണ്ടി ചെയ്യുന്നതല്ല− അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.
നയൻതാരയാണ് ചിത്രത്തിലെ നായിക. സ്പോർട്സ് ത്രില്ലറായി എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആർ റഹ്മാനാണ്. വിജയുടെ രണ്ട് ഗെറ്റപ്പുകളാണ്ചിത്രത്തിലുള്ളത്. കതിർ, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേൽ ബാലാജി, യോഗി ബാബു, വർഷ ബൊലമ്മ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ദീപാവലിക്ക് ചിത്രം പ്രദർശനത്തിനെത്തും.

