എൽദോയുടെ പരിക്ക് വ്യാജമെന്ന് മെഡിക്കൽ റിപ്പോർട്ട്
കൊച്ചി: ലാത്തിച്ചാർജ്ജിനിടെ പോലീസ് കൈ തല്ലിയൊടിച്ചെന്ന എൽദോ എബ്രഹാം എം.എൽ.എയുടെ ആരോപണം വ്യാജമെന്ന് റിപ്പോർട്ട്. ആരോപണം വ്യാജമാമെന്നപോലീസ് വാദത്തിന് പിന്നാലെ എംഎൽഎയുടെ കയ്യിലെ എല്ലുകൾക്ക് ഒരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ടും വ്യക്തമാക്കുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ഈ റിപ്പോർട്ട് തഹസിൽദാർ ജില്ലാ കളക്ടർക്ക് കൈമാറി. പോലീസ് അതിക്രമത്തിൽ കൈക്ക് പൊട്ടലുണ്ടെന്നായിരുന്നു എംഎൽഎ എൽദോ എബ്രഹാമിന്‍റെ ആരോപണം. ഭരണ കക്ഷി എംഎൽഎയുടെ കൈ പൊലീസ് തല്ലിയൊടിച്ച സംഭവം സിപിഐക്ക് അകത്തും കനത്ത അമർഷത്തിനിടയാക്കിയിരുന്നു. മാത്രമല്ല പ്രതിപക്ഷ പാർട്ടികളാകെ സംഭവത്തെ അപലപിച്ച് രംഗത്തെത്തുക കൂടി ചെയ്തതോടെയാണ് സംഭവം വലിയ വിവാദമാകുന്നത്. സിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഡിഐജി ഓഫീസ് മാർച്ചും തുടർന്ന് നടന്ന സംഭവങ്ങളിലും സിപിഐ സംസ്ഥാന നേതൃത്വം കൈക്കൊണ്ട നിലപാടും ഏറെ വിമർശന വിധേയമായിരുന്നു.
പൊലീസ് അതിക്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന് വീട്ടിലിരുന്ന എംഎംഎൽക്ക് അല്ലല്ലോ തല്ല് കൊണ്ടത് എന്ന് പ്രതികരിച്ച കാനം രാജേന്ദ്രൻ അതിക്രമത്തെ ന്യായീകരിക്കുകയാണെന്ന വിമർശനം വരെ ഉണ്ടായി. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ കനത്ത വിമർശനം ഉയർന്നിരുന്നു. പാർട്ടി തീരുമാനത്തെയാണ് കാനം രാജേന്ദ്രൻ തള്ളിപ്പറഞ്ഞതെന്നും ലാത്തിചാർജ് വിഷയത്തിൽ സിപിഐ സംസ്ഥാന നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച അംഗങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരിക്ക് പറ്റിയിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തായതോടെ ജില്ലാ നേതൃത്വം പൂർണ്ണമായും വെട്ടിലായ അവസ്ഥയിലാണ്. എന്നാൽ പോലീസ് അതിക്രമക്കേസിന്‍റെ തുടക്കം മുതൽ കരുതലോടെയാണ് സംസ്ഥാന നേതൃത്വം പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് സമഗ്രമായി റിപ്പോർട്ട് കളക്ടർ തയ്യാറാക്കി സമർപ്പിച്ച ശേഷമാകാം തുടർ നടപടി എന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. മാത്രമല്ല ഡിഐജി ഓഫീസ് മാർച്ച് ലാത്തിച്ചാർജ് വിവാദത്തിൽ എറണാകുളം ജില്ലാ സെക്രട്ടറിക്ക് വീഴ്ചയെന്ന വിലയിരുത്തലും സിപിഐ സംസ്ഥാന നേതൃത്വം പങ്കുവയ്ക്കുന്നുണ്ട്. ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയത് പാർട്ടി അറിയാതെയാണെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. പോലീസ് േസ്റ്റഷൻ മാർച്ചിനാണ് സംസ്ഥാനകമ്മിറ്റി അനുമതി നൽകിയതെന്നാണ് വിശദീകരണം. അക്രമം ഇല്ലാതെ സമാധാനപരമായ മാർച്ചിനായിരുന്നു നിർദേശമെന്നും ജില്ലാകമ്മിറ്റി ഈ നിർദേശം അട്ടിമറിച്ചെന്നും സംസ്ഥാനനേതൃത്വം ആരോപിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള ജില്ലാ കളക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷം പാർട്ടിക്കുള്ളിൽ അന്വേഷണവും നടപടികളും ഉണ്ടായേക്കും.

