ഒരു സെന്റിന് രണ്ടു കോടി; കൊച്ചിയിലെ 'കച്ചോടം ' ചരിത്രമായി
കൊച്ചി :കടയുടെ അഭംഗി മാറ്റാന്‍ രണ്ടു കോടിക്ക് ഒരു സെന്റ് സ്ഥലം വാങ്ങി ബീനാ കണ്ണൻ. കൊച്ചി എം.ജി.റോഡിൽ മെട്രോ പാലത്തിന് താഴെ വെറും 398 ചതുരശ്ര അടി ഭൂമിയാണ് റെക്കോഡ് വിലയായ രണ്ടു കോടിയ്ക്ക് ശീമാട്ടി ഉടമ ബീന കണ്ണൻ വാങ്ങിയത്. കടയുടെ മുന്നിൽ ഐശ്വര്യക്കേട് ഉണ്ടാക്കുന്ന വിധത്തിൽ ഒരു കെട്ടിടം നിന്നാൽ പിന്നെന്ത് ചെയ്യും?പൊളിച്ചുമാറ്റുക തന്നെ. പക്ഷെ കെട്ടിടം സ്വന്തമല്ലെങ്കിലോ? .പൊന്നും വിലയ്ക്ക് അത് വാങ്ങിയെടുക്കുക. ശീമാട്ടി എന്ന വ്യാപാര സ്‌ഥാപനത്തിന്റെ ഉടമയായ ബീനാ കണ്ണനും അത്രയേ ചെയ്തുള്ളൂ. പക്ഷെ അത് കേരളം കണ്ട ഏറ്റവും വലിയ ഭൂമി കച്ചവടമായി.
ഒരു സെന്റിന് ഇത്രയും വലിയ വില രേഖാമൂലം കാണിച്ചുള്ള വിൽപന രാജ്യത്തു തന്നെ അപൂർവമാണ്. ലബോറട്ടറി എക്യുപ്‌മെന്റ് ഉടമ വി ജെ മാത്യുവിന്റേതായിരുന്നു ഭൂമി. ഈ വിൽപ്പനയുടെ രെജിസ്ട്രേഷൻ മുദ്രപ്പത്ര ഇനത്തിൽ സർക്കാരിന് കിട്ടിയത് 24 ലക്ഷം രൂപ. ഒരു സെന്റിന്റെ വിൽപ്പനയ്ക്ക് സർക്കാരിന് ഇത്ര തുക കിട്ടുന്നതും ചരിത്രത്തിൽ ആദ്യം.

