ഒന്നരവയസ്സുകാരിയെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചാണെന്ന് അമ്മയുടെ മൊഴി

ആലപ്പുഴ: ഒന്നരവയസ്സുകാരിയെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചാണെന്ന് അമ്മയുടെ മൊഴി. കുട്ടി കരഞ്ഞപ്പോൾ പെട്ടന്നുണ്ടായ ദേഷ്യത്തിലാണ് ശ്വാസം മുട്ടിച്ചതെന്നും കൊല്ലാനായി ഉദ്ദേശിച്ചിരുന്നില്ലെന്നും അമ്മ ആതിര പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കുട്ടി മരിച്ചുപോകുമെന്ന് കരുതിയില്ല. അബദ്ധം പറ്റിയതാണെന്നും ആതിര പൊലീസിനോട് പറഞ്ഞു. എന്നാൽ പൊലീസ് ആതിരയുടെ മൊഴി പൂർണ്ണമായി വിശ്വസിച്ചിട്ടില്ല.
കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയ ശേഷവും ആശുപത്രിയിൽ കൊണ്ടുപോകുന്ന കാര്യത്തിൽ ആതിര യാതൊരു തിടുക്കവും കാണിച്ചിരുന്നില്ലെന്നും വീട്ടിലുള്ളവർ ബഹളം വെച്ചപ്പോഴാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും കുട്ടി മരിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞിരുന്നു. കുഞ്ഞിന്റെ മരണം ഉറപ്പിച്ചതിനു ശേഷവും ആതിരയ്ക്ക് യാതൊരു സങ്കടവും ഇല്ലാതിരുന്നതും സംശയത്തിനിടയാക്കിയിരുന്നു. കുട്ടിയുടെ സംസ്‌കാരത്തിനു ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് ആതിര സമ്മതിച്ചത്. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെയാണ് ആതിര അകത്തേയ്ക്ക് എടുത്തുകൊണ്ടുപോയതെന്നും പിന്നീടാണ് കുട്ടി ശ്വാസംമുട്ടി മരിച്ചതെന്നുമാണ് വീട്ടുകാർ മൊഴി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊല്ലം വെളി കോളനിയിൽ ഷാരോൺ ആതിര ദന്പതികളുടെ മകളായ ഒന്നരവയസ്സുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ അമ്മ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് കുട്ടിയുടെ പിതാവിന്റെ അമ്മ പൊലീസിനെ അറിയിച്ചതിനെത്തുടർന്ന് കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ അമ്മ തന്നെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയതാണോ എന്ന് പൊലീസിന് തുടക്കത്തിൽത്തന്നെ സംശയമുണ്ടായിരുന്നു.