ശ്രീലങ്കൻ സ്ഫോടനം കസ്റ്റഡിയിലുള്ള മലയാളികൾ ആശയപ്രചാരകരെന്ന് എൻ.ഐ.എ


കൊച്ചി: കേരളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് ശ്രീലങ്കയിൽ നടന്ന സ്ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എൻ.ഐ.എ . എന്നാൽ ഇവർ തീവ്ര വർഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി. ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം ചെയ്ത സഹ്രാൻ ഹാഷിമി ന്‍റെ പ്രസംഗങ്ങളും ആശയങ്ങളും ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എന്‍.ഐ.എ വ്യക്തമാക്കി. 

കസ്റ്റഡിയിലായ പാലക്കാട് സ്വദേശിക്ക് തൗഹീദ് ജമാ അത്തിന്‍റെ തമിഴ്‍നാട് ഘടകവുമായും ബന്ധമുണ്ടെന്ന് എന്‍.ഐ.എ അറിയിച്ചു. കേസെടുത്ത് അന്വേഷിക്കാനാണ് എൻ.ഐ.എയുടെ നീക്കം. കസ്റ്റഡിയിലുള്ളവര്‍ക്ക് സിറിയയിലേക്ക് ആളെ കടത്തിയതിൽ ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നു. സഹ്രാൻ ഹാഷിം മുമ്പ് കേരളത്തിൽ എത്തിയതായി തെളിവുകളൊന്നും നിലവിൽ കിട്ടിയിട്ടില്ല. എങ്കിലും, സഹ്രാൻ ഹാഷിം കേരളത്തിൽ എത്തിയിരുന്നോയെന്നും പരിശോധിക്കുമെന്ന് എന്‍.ഐ.എ അറിയിച്ചു.  

കാസർഗോഡ് സ്വദേശികളായ രണ്ട് പേരോട് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വീടുകളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകളടക്കം പിടിച്ചെടുത്തിരുന്നു. കൊളംബോയിലെ ഭീകാരാക്രമണത്തിൽ ചാവേറായി മാറിയ സഹ്രാൻ ഹാഷിമിന്‍റെ പ്രസംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ അന്വേഷണം. 

അതേസമയം, ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ചാവേറുകൾ കേരളത്തിലും തമിഴ്‍നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടർന്ന്  കേരളത്തിലും തമിഴ്‍നാട്ടിലും തിരച്ചിൽ ശക്തമാക്കിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും തൗഹീത് ജമാഅതിന് വേരുകളുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ പരിശോധന തുടങ്ങിയത്. 

You might also like

  • Straight Forward

Most Viewed