ശക്തമായ മഴ : കുട്ടനാട്ടിലും പമ്പാതീരത്തും ജനങ്ങൾ തയാറെടുപ്പുകൾ തുടങ്ങി


ആലപ്പുഴ : ശക്തമായ മഴയുണ്ടാകുമെന്ന പ്രവചനവും അണക്കെട്ടു തുറക്കുമെന്ന മുന്നറിയിപ്പും വന്നതോടെ, ഇനിയും വെള്ളപ്പൊക്കമുണ്ടായാൽ കുടുങ്ങാതിരിക്കാൻ കുട്ടനാട്ടിലും പമ്പാതീരത്തും ജനങ്ങൾ തയാറെടുപ്പു തുടങ്ങി. പലരും ബന്ധുവീടുകളിലേക്കു പോയി. അപ്പർകുട്ടനാട്ടിലും നാട്ടുകാർ അത്യാവശ്യ സാധനങ്ങൾ സംരക്ഷിക്കുന്നതടക്കം മുൻകരുതലുകൾ എടുത്തു തുടങ്ങി. പമ്പാനദിയിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ലെങ്കിലും അച്ചൻകോവിലാറ്റിൽ ഒരടിയോളം ഉയർന്നിട്ടുണ്ട്.

പ്രളയത്തിന്റെ ആഘാതത്തിൽനിന്ന് ഇനിയും മോചിതമാകാത്ത കുട്ടനാട്ടിൽ പലയിടത്തും രണ്ടു ദിവസമായി വെള്ളം ഉയരുന്നുണ്ട്. ചിലയിടങ്ങളിൽ മൂന്നടി വരെ വെള്ളം കയറിയതായി പറയുന്നു. പുലർച്ചെ വേലിയിറക്ക സമയത്തു വെള്ളം താഴുമെങ്കിലും വേലിയേറ്റമാകുമ്പോൾ വീണ്ടും ഉയരുന്നു. തുലാം പകുതിയോടെ പുഞ്ചക്കൃഷി ആരംഭിക്കാൻ ഒരുക്കം തുടങ്ങിയ കർഷകരും പരിഭ്രാന്തരാണ്. മാലിന്യങ്ങൾ നീക്കി പാടശേഖരങ്ങൾ വറ്റിച്ചുകൊണ്ടിരിക്കുകയാണ്. വിത്തിനും നീറ്റുകക്കയ്ക്കുമുള്ള പണം പാടശേഖര ഭാരവാഹികൾ കർഷകരിൽനിന്നു സംഭരിച്ചു കഴിഞ്ഞു.

പമ്പാതീരത്ത് അധികൃതർ ജാഗ്രതാ നടപടി തുടങ്ങി. അഗ്നിരക്ഷാസേന രക്ഷാസാമഗ്രികൾ എത്തിച്ചുകൊണ്ടിരിക്കുന്നു. അവധിയിൽ പോയ സർക്കാർ ജീവനക്കാരെ തിരികെ വിളിച്ചിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാൻ ഒരുക്കം തുടങ്ങിയതായി അധികൃതർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed