ബ്രൂവറിക്ക് അനുമതി നല്‍കി എന്നതിന് ലൈസന്‍സ് നല്‍കി എന്നര്‍ത്ഥമില്ല; എക്‌സൈസ് മന്ത്രി


കോഴിക്കോട്: ബ്രൂവറിക്ക് അനുമതി നല്‍കി എന്നതിന് ലൈസന്‍സ് നല്‍കി എന്നര്‍ത്ഥമില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. കേരളത്തിന്റെ വരുമാനവും തൊഴില്‍ സാധ്യതയും മാത്രമാണ് പരിഗണിച്ചത്. എല്ലാ തരത്തിലുള്ള പരിശോധനയും നടത്തും. എലപ്പുള്ളിയിലെ ബ്രൂവറിയുടെ കാര്യത്തില്‍ വിഎസ് ഉന്നയിച്ച ആശങ്ക പരിശോധിക്കും. കൂടുതല്‍ കാര്യങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞു പറയും.പ്രതിപക്ഷ നേതാവ് പരസ്പര വിരുദ്ധമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മറ്റ് മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്.

ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതിനര്‍ഥം ലൈസന്‍സ് നല്‍കിയെന്നല്ലെന്ന്  മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞപ്പോള്‍ അന്യ സംസ്ഥാന മദ്യലോബിക്ക് വേണ്ടിയാണ് പ്രതിപക്ഷം രംഗത്ത് എത്തിയിരിക്കുന്നതെന്ന് മന്ത്രി എകെ ബാലന്‍ പ്രതികരിച്ചു.സംസ്ഥാനത്തിന്റെ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ടാണ് ബ്രൂവറിക്ക് അനുമതി നല്‍കിയതെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ നിലനില്‍ക്കുന്ന എല്ലാ നടപടി ക്രമങ്ങളും പാലിച്ചുമാത്രമെ ബ്രൂവറി തുടങ്ങാനാകൂ.

ഇക്കാര്യത്തില്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന പ്രതിപക്ഷനേതാവിന് മറുപടി നല്‍കാന്‍ താന്‍ ആളല്ല. വിഎസ് അച്യുതാനന്ദന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും പരിശോധിക്കുമെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed