ഷുഹൈബ് വധം : സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി : മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കവെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.
സംഭവം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് കോടതി ചോദിച്ചു. തന്‍റെ മുന്നിലിരിക്കുന്ന ഫയലിൽ ഒരു മനുഷ്യനെ വെട്ടി നുറുക്കിയ ചിത്രങ്ങളാണ് ഉള്ളത്. ഇത് സർക്കാർ കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. പോലീസിൽ ചാരന്‍മാരുണ്ടെന്ന് കണ്ണൂർ എസ്.പിക്ക് പറയേണ്ടി വന്ന സാഹചര്യം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഒരു സ്കൂൾ കുട്ടി സെൽഫിയെടുക്കാൻ വന്നാൽ ഓടിക്കുന്ന മുഖ്യമന്ത്രി പ്രതികൾക്കൊപ്പം നിന്ന് എടുത്ത ചിത്രമുണ്ടെല്ലോയെന്നും കോടതി പറഞ്ഞു.
നിലവിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് ഷുഹൈബിന്റെ മാതാപിതാക്കളുടെ പരാതി. സി.പി.എം പറയുന്ന രീതിയിലാണ് കേസ് അന്വേഷണം മുന്നോട്ടുപോകുന്നത്. കേസിൽ അറസ്റ്റിലായ പ്രതികളും സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ പുറത്തുവന്നിട്ടുണ്ട്. അതിനാൽ തന്നെ പ്രതികളുമായി സി.പി.എം നേതൃത്വത്തിനുള്ള പങ്ക് വ്യക്തമാണ്. സംഭവത്തിൽ ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നുവെന്നും ഇത് പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും മാതാപിതാക്കൾ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാന സർക്കാറിന്‍റെയും സി.ബി.ഐയുടെയും വിശദീകരണത്തിനായി അടുത്ത ചൊവ്വാഴ്ചത്തേക്ക് കേസ് മാറ്റി. ഷുഹൈബിന്റെ വധത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തള്ളിക്കളഞ്ഞിരുന്നു. കേസിൽ കേരളാ പോലീസിന്റെ അന്വേഷണം ഫലപ്രദമാണെന്നും പ്രതികൾ എത്ര ഉന്നതരായാലും അവരെ പിടിക്കാനുള്ള പ്രാപ്തി പോലീസിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.