നിർമ്മാണവസ്തുക്കളില്ല : പൊതുമരാമത്ത് പ്രവൃത്തികൾ സ്തംഭിക്കുന്നു

ചെറുപുഴ : നിർമ്മാണ വസ്തുക്കൾ കിട്ടാനില്ലാത്തത് പൊതുമരാമത്ത് പ്രവൃത്തികളെ പിന്നോട്ടടിക്കുന്നു. കരിങ്കൽ, മെറ്റൽ, ജി.എസ്.പി, പൊടി തുടങ്ങിയവയ്ക്കാണ് കടുത്ത ക്ഷാമം. ടെൻഡർ ചെയ്ത പല റോഡുകളുടെയും പ്രവൃത്തി നിർമ്മാണ വസ്തുക്കളുടെ ദൗർലഭ്യം കാരണം തുടങ്ങാനായിട്ടില്ല. ആരംഭിച്ച പല പ്രവൃത്തികളും ഇഴഞ്ഞുനീങ്ങുകയാണ്.
പയ്യന്നൂർ പി.ഡബ്ല്യു.ഡി ഓഫീസ് പരിധിയിൽത്തന്നെ 10 പ്രധാന റോഡുകൾ ടെൻഡർ ചെയ്തവയാണ്. ഇതിൽ പയ്യന്നൂർ-ചെറുപുഴ, പാടിയോട്ടുചാൽ-ഓമുട്ട്, മലയോര ഹൈവേ, കോഴിച്ചാൽ-ജോസ്ഗിരി തുടങ്ങിയവയുടെ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. പാടിയോട്ടുചാൽ-ചെറുപാറ−നെടുമചാൽ-തിമിരി (മെക്കാഡം), അരവൻചാൽ-പുറക്കുന്ന്−മാതമംഗലം, മേൽത്തുരുന്പ്-ചപ്പാരപ്പടവ് (മെക്കാഡം), ചന്തപ്പുര−മാതമംഗലം (മെക്കാഡം), പയ്യന്നൂർ റെയിൽവേ േസ്റ്റഷൻ-നേവൽ അക്കാദമി (മെക്കാഡം), രാമന്തളി−ചൂളക്കടവ്-പോസ്റ്റോഫീസ് റോഡ് എന്നിവ ടെൻഡർ ചെയ്തവയാണ്. 60 ലക്ഷത്തിന്റെപൊന്‍പുഴ പാലവും ഉടൻ പണിയാരംഭിക്കേണ്ടതാണ്. ഇവയെല്ലാം വലിയ പ്രവൃത്തികളായതിനാൽ നിർമ്മാണവസ്തുക്കൾ ധാരാളമായി വേണം.
അറ്റകുറ്റപ്പണികളിൽ ഏതാണ്ട് പകുതി മാത്രമേ ടെൻഡർ എടുത്തിട്ടുള്ളൂ. ടെൻഡറും റീടെൻഡറും കഴിഞ്ഞെങ്കിലും 15 എണ്ണം ഇനിയും ബാക്കിയാണ്. കരിങ്കൽ ഉൽപ്പന്നങ്ങൾ കിട്ടാത്തത് സ്വകാര്യ മേഖലയെയും വല്ലാതെ ബാധിച്ചിട്ടുണ്ട്. ഉൽപ്പന്നങ്ങളുടെ വിലയും ക്രമാതീതമായി കൂടിയിട്ടുണ്ട്. ഒരുവർഷം കൊണ്ട് വില ഇരട്ടിയായി. ക്രഷറുകളിൽ സാധനത്തിനായി ടിപ്പർലോറികളുടെ നീണ്ടനിരയുണ്ട്.
ജില്ലയിൽ 120−ഓളം പാറമടകളുണ്ടായിരുന്നത് ഇപ്പോൾ 32 എണ്ണമായി കുറഞ്ഞു. 110−ഓളം ക്രഷറുകളുണ്ടായിരുന്നതിലേറെയും പൂട്ടിപ്പോയി. പാറമടകൾക്കൊപ്പം പ്രവർത്തിക്കുന്ന ക്രഷറുകൾ മാത്രമാണിപ്പോഴുള്ളത്. പ്രവൃത്തിക്കാനാവശ്യമായ കരിങ്കല്ല് കിട്ടാത്തതാണ് ഇവ പൂട്ടാൻ കാരണം.