മലന്പുഴയിൽ പ്ലാസ്റ്റിക്കിന് കർശന വിലക്ക് ഏർപ്പെടുത്തും

പാലക്കാട് : മലന്പുഴ ഉദ്യാനത്തിൽ പ്ലാസ്റ്റികകിന് കർശന വിലക്ക്. ഇനി പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നവരുടെ കീശയിലെ കാശ് പോകും. പ്ലാസ്റ്റിക് കുപ്പികളും സഞ്ചികളും അകത്തേക്ക് കടത്തുകയാണെങ്കിൽ കൗണ്ടറിൽ നിലവിൽ 10 രൂപയാണ് നൽകേണ്ടത്. എന്നാൽ ഈ തുക 50 രൂപയാക്കി വർദ്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കൊണ്ടുപോകുന്ന കുപ്പികളിൽ സ്റ്റിക്കർ പതിച്ചുനൽകും. തിരികെയിറങ്ങുന്പോൾ കുപ്പി കാണിച്ചാൽ നൽകിയ തുക തിരിച്ചുനൽകുന്നതാണ് രീതി. ഉദ്യാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിന് കിയോസ്‌കുകൾ നിർമ്മിക്കാനും ഉദ്ദേശ്യമുണ്ടെന്നും ഡി.ടി.പി.സി അനുമതിയോടെ ഉടൻ പദ്ധതികൾ നടപ്പാക്കുമെന്നും മലന്പുഴ എക്‌സിക്യുട്ടീവ് എഞ്ചിനിയർ എസ്.എസ്.പത്മകുമാർ പറഞ്ഞു.
ക്രിസ്മസ് - പുതുവത്സര ദിനങ്ങൾക്ക് മുന്നോടിയായുള്ള ശുചീകരണവും മലന്പുഴയിൽ തിങ്കളാഴ്ച ആരംഭിച്ചു. ചെടികൾക്കിടയിലും താമരക്കുളത്തിലും ഫൗണ്ടനുകളിലും മറ്റുമുള്ള പ്ലാസ്റ്റിക്കുകളും നീക്കംചെയ്തു. രണ്ടാംഘട്ടമായി മലന്പുഴ മാന്തോപ്പും വൃത്തിയാക്കും. പതിവുപോലെ വിളക്കുകൾകൊണ്ടുള്ള അലങ്കാരവും ക്രിസ്മസ് - പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് ഉണ്ടാവും.