പച്ചക്കറിക്ക് വില കുതിച്ചുയരുന്നു

കട്ടപ്പന: കുടുംബബജറ്റിന്റെ താളം തെറ്റിച്ചു പച്ചക്കറി വില കുതിച്ചുയരുന്നു. വിവിധയിനം പച്ചക്കറികൾക്ക് ഒരാഴ്‌ചക്കിടെ 20 മുതൽ 40 രൂപ വരെയാണ് വർദ്‍ധിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികൾക്കാണു തീവില. എന്നാൽ പ്രാദേശികമായി ഉൽപ്പാദനമുള്ളതിനാൽ ചേന, വഴുതന, വെള്ളരി എന്നിവയ്‌ക്ക് വില ഉയർന്നിട്ടില്ല. തക്കാളിക്കും ബീന്‍സിനുമാണ് വില കുത്തനെ ഉയർന്നത്.
തക്കാളിക്ക് 80 മുതൽ 100 രൂപ വരെയാണു വില. തമിഴ്‌നാട്ടിലെയും ആന്ധ്രാപ്രദേശിലെയും പച്ചക്കറി ഉൽപാദനം കുറഞ്ഞതാണ് വില വർദ്ധനയ്‌ക്ക് കാരണമെന്നു വ്യാപാരികൾ പറയുന്നത്. എന്നാൽ ഇടനിലക്കാർ അനധികൃതമായി വില ഉയർത്തുന്നതാണെന്നും ആക്ഷേപമുണ്ട്. ഒരു മാസം മുന്പ് കിലോഗ്രാമിനു 40 രൂപയായിരുന്ന പച്ചമുളക് വില 110−ലെത്തി. മുരിങ്ങയ്‌ക്ക കിലോഗ്രാമിനു 180 രൂപയാണ്.
30 രൂപയായിരുന്ന കാബേജിന് ഇരട്ടിയിലധികം വില വർധിച്ച് 70 രൂപയിലെത്തി. 20 രൂപയായിരുന്ന സവോള 50 രൂപയിലെത്തി. ബീന്‍സ്−70, പാവയ്‌ക്ക−60, ക്യാരറ്റ്−70, ബീറ്റ്‌റൂട്ട്−60 എന്നിങ്ങനെയാണു വില. ആറ് മാസമായി 80 രൂപയായിരുന്ന ഉള്ളി വില 120−ലെത്തി. പയർ, മുളക്, വെണ്ടയ്‌ക്ക, ചേന, വഴുതനങ്ങ എന്നിവയ്‌ക്കു മാത്രമാണ് വിലയിൽ കാര്യമായ വർദ്ധനയില്ലാത്തത്. അച്ചിങ്ങ, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, നെല്ലിക്ക, മാങ്ങ, നേന്ത്രക്കായ, പയർ തുടങ്ങിയ ഇനങ്ങൾക്കെല്ലാം വില കൂടി.
പെട്ടെന്നുള്ള വിലക്കയറ്റം കച്ചവടത്തെ ബാധിച്ചതായി വ്യാപാരികൾ പറയുന്നു. ബീൻസിനും പയറിനും വ്യത്യസ്‌ത വിലയാണ്. ഞാലിപ്പൂവന്‍, റോബസ്റ്റ എന്നിവയ്‌ക്കു വില വർദ്ധിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ പ്രധാന പച്ചക്കറി വിപണികളായ കന്പം, മേട്ടുപാളയം, പൊള്ളാച്ചി എന്നിവിടങ്ങളിൽ പച്ചക്കറികളുടെ വിലയിൽ കാര്യമായ വർദ്ധന ഉണ്ടായിട്ടില്ല.