ഐ എസ് ബന്ധം : കണ്ണൂരിൽ അറസ്റ്റിലായ ഹംസക്ക് ബഹ്‌റൈൻ ബന്ധമെന്ന് സൂചന

കണ്ണൂർ : ഐ എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ അറസ്റ്റിലായ ഹംസക്ക് ബഹ്‌റൈൻ ബന്ധമെന്ന് സൂചന. മനാമയിൽ പ്രവർത്തിക്കുന്ന ഒരു പ്രധാന ഇസ്ലാമിക മത പഠന സംഘടനയിൽ നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നവർക്ക് പരിശീലനം ലഭിച്ചതെന്നും ഇവരെ പിന്നീട് സിറിയയിലേക്ക് കടത്തിയിട്ടുണ്ടെന്നും പിടിയിലായ ഹംസ മൊഴി നൽകിയിട്ടുണ്ട്. ബഹ്‌റൈനിൽ 20 വർഷക്കാലമായി ഹോട്ടലിലെ കുക്കായിരുന്നു ഹംസ. അവിടെ താലിബാൻ ഹംസ എന്ന പേരിൽ ആണത്രേ ഇയാൾ അറിയപ്പെട്ടിരുന്നത്.
ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ പോരാടുക എന്നതായിരുന്നു തലശ്ശേരിയിലെ തൗഫീക്കിൽ യു.കെ. ഹംസ എന്ന 57 കാരന്റെ പദ്ധതി. താലിബാനിൽ ആദ്യം ആകൃഷ്ടനായ ഹംസ പിന്നീട് അൽഖാഇദയുമായി അടുത്തു. ഇപ്പോൾ ഐഎസിന്റെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ലീപ്പർ സെല്ലിൽ പ്രവർത്തിച്ചു വരികയായിരുന്നു ഇയാൾ. ബഹ്‌റൈൻ കേന്ദ്രീകരിച്ചും റിക്രൂട്ട്‌മെന്റുകൾ നടത്തിയതായി സൂചനയുണ്ട്. തീവ്ര ഐസ് ആശയങ്ങൾ യുവാക്കളിൽ കുത്തി നിറച്ച ഹംസ, അറസ്റ്റിലായപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരോട് എന്നെ വെറുതെ വിട്ടേക്കൂ, ഞാൻ ഐ.എസിലേക്ക് പൊയ്ക്കൊള്ളാം എന്ന് പറഞ്ഞതായും അന്വേഷണ സംഘം വ്യക്തമാക്കി. കൂട്ടാളിയായ തലശ്ശേരി സൈനാഫിൽ മനാഫ് റഹ്മാൻ ഇയാൾക്ക് എല്ലാവിധ പിൻതുണയും നൽകിയിരുന്നുവെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.