ആർ.ടി ഓഫീസുകളിൽ വിജിലൻസിന്റെ പരിശോധനയിൽ 1,81,594 രൂപ കണ്ടെത്തി

ആലപ്പുഴ : ജില്ലയിലെ വിവിധ ആർ.ടി.ഓഫീസുകളിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽപ്പരിശോധനയിൽ ആലപ്പുഴ ആർ.ടി.ഓഫീസിൽ നിന്ന് 1,81,594 രൂപയും ചെങ്ങന്നൂരിൽ നിന്ന് 700 രൂപയുമാണ് കണ്ടെത്തി. കൂടാതെ ഓഫീസുകളിൽ ഓട്ടോ കൺസൾട്ടന്റുമാരുടെ അനിയന്ത്രിതമായ സാന്നിദ്ധ്യവും വിജിലൻസിന് ബോധ്യപ്പെട്ടു.
ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന രാത്രിയോളം നീണ്ടു. വിജിലൻസ് ഡയറക്ടറുടെ നിർദ്‍ദേശ പ്രകാരം ഓപ്പറേഷൻ ട്രാൻസ്‌പോർട്ടിന്റെ ഭാഗമായാണ് ആലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ ആർ.ടി.ഓഫീസുകളിൽ വിശധ പരിശോധന നടന്നത്. ആലപ്പുഴ വിജിലൻസ് ഡിവൈ.എസ്.പി. റെക്‌സ് ബോബി അരവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചെങ്ങന്നൂരിൽ വിജിലൻസ് ഉദ്യോഗസ്ഥരെക്കണ്ടപ്പോൾ വലിച്ചെറിഞ്ഞ 260 രൂപ ഉൾപ്പെടെയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്.
ആലപ്പുഴയിൽ ഓട്ടോ കൺസൾട്ടന്റുമാരിൽനിന്നാണ് പണം ലഭിച്ചത്. വിരമിച്ച ഉദ്യോഗസ്ഥരുടെ ഔദ്യോഗികപദവി സൂചിപ്പിക്കുന്ന മുദ്രകൾ, നിരവധി ലൈസൻസുകൾ, ആർ.സി.ബുക്കുകൾ, അപേക്ഷകൾ, രസീതുകൾ, പെർമിറ്റുകൾ എന്നിവയും കണ്ടെത്തി.
ഇത് കൂടാതെ പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് വാഹന ഡീലർമാരുടെ അന്യായമായ ഇടപെടൽ വിജിലൻസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകളിൽ ഏജന്റുമാരുടെ പേരും അവർ നൽകിയ അപേക്ഷകളുടെ വിവരവും സൂക്ഷിക്കുന്നതായും കണ്ടെത്തി.
സേവന അവകാശ നിയമത്തിന്റെ കാലപരിധി കഴിഞ്ഞ രണ്ടായിരത്തോളം അപേക്ഷകൾ ആലപ്പുഴ ആർ.ടി.ഓഫീസിൽനിന്ന് കണ്ടെത്തിയതായി വിജിലൻസ് അധികൃതർ പറഞ്ഞു.
സെക്ഷൻ ക്ലാർക്ക് മുതൽ മേലുദ്യോഗസ്ഥർ വരെയുള്ളവരിൽ അഴിമതി വ്യാപകമാണെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച് അനവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വിജിലൻസ് അധികൃതർ വ്യക്തമാക്കി.