ക്ഷേത്ര പ്രവേശനം സംബന്ധിച്ച് തന്ത്രിയുടെ നിലപാട് സ്വാഗതാർഹം : കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ : അഹിന്ദുക്കളായ വിശ്വാസികളുടെ ക്ഷേത്രപ്രവേശനത്തിന് സർക്കാർ മുന്നിട്ടിറങ്ങണമെന്ന ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നന്പൂതിരിപ്പാടിന്റെ നിലപാട് സ്വാഗതാർഹമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ ചർച്ച ചെയ്ത് അഭിപ്രായ സമന്വയമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവിതാംകൂർ ദേവസ്വംബോഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അബ്രാഹ്്മണരെ ശാന്തിക്കാരായി നിയമിക്കാനുള്ള സർക്കാരിന്റെ തീരുമാനം മാതൃകാപരമാണെന്നും നിയമിക്കപ്പെട്ട 63 ശാന്തിക്കാരിൽ 36 പേർ അബ്രാഹ്്മണരാണ്. അതിൽ ആറ് പേർ പട്ടിക വിഭാഗത്തിൽപ്പെടുന്നവരും. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം നടന്ന നിശ്ശബ്ദവിപ്ലവമാണിതെന്നും അബ്രാഹ്്മണരെ ശാന്തിക്കാരാക്കുന്നതിനെ ബ്രാഹ്്മണരും പിന്തുണക്കുന്നുവെന്നത് കേരളത്തിന്റെ വ്യത്യസ്തതയാണ് കാണിക്കുന്നതെന്നും ഇത് പ്രോത്സാഹജനകമാണെന്നും കോടിയേരി പറഞ്ഞു.
മന്ത്രി തോമസ്ചാണ്ടിക്ക് എതിരായ ആരോപണം സംബന്ധിച്ച് കലക്ടറുടെ റിപ്പോർട്ട് സർക്കാർ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.
കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ജനജാഗ്രതാ യാത്രക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജനോപകാരപ്രദമായ നിരവധി പദ്ധതികളുമായി മുന്നോട്ടുപോകുന്ന എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കോൺഗ്രസ്−-ബി.ജെ.പി നീക്കം തുറന്നുകാട്ടാൻ യാത്രയിലൂടെ കഴിഞ്ഞു. ജി.എസ്.ടിയുടെയും പെട്രോൾവില വർദ്ധനയുടെയും പേരിൽ കേരളത്തിൽമാത്രം കോൺഗ്രസ് ഹർത്താൽ നടത്തിയത് ബി.ജെ.പിയെ സഹായിക്കാനാണ്.
ഇതൊന്നും ജനങ്ങളിൽ ഏശുന്നില്ലെന്നതിന് തെളിവാണ് വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം. എട്ട് ഘട്ടങ്ങളായി തദ്ദേശസ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫാണ് ഭൂരിപക്ഷം സീറ്റും നേടിയതെന്നും− കോടിയേരി വ്യക്തമാക്കി.