വിഷമയമായ പച്ചക്കറികൾ കേരളത്തിലെത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ നിർദ്ദേശം

തിരുവനന്തപുരം : ചെക്ക് പോസ്റ്റ് കടന്ന് കേരളത്തിലെത്തുന്ന പച്ചക്കറികളിലും പഴങ്ങളിലും വിഷമയമായവ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.
വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും ലഭിക്കുകയെന്നത് ഉപഭോക്താക്കളുടെ അവകാശമാണെന്ന് ചീഫ് സെക്രട്ടറിയ്ക്ക് നൽകിയ നിർദ്ദേശത്തിൽ കമ്മീഷൻ ചെയർ പേഴ്‌സൺ ജെ.ബി.കോശി ചൂണ്ടിക്കാണിച്ചു. അതിനാൽ തന്നെ ഇവയുടെ വരവ് തടയണമെന്ന് അദ്ദേഹം പറഞ്ഞു. ശിവസേനയുടെ ജില്ലാ ജനറൽ സെക്രട്ടറി ജി.അജിത് നൽകിയ നിവേദനം പരിശോധിക്കവെയായിരുന്നു കംമീഷന്റെ നിർദ്ദേശം.
റിപ്പോർട്ട് പ്രകാരം 500ഓളം ട്രക്ക് ലോഡുകളാണ് ദിനംപ്രതി തമിഴ് നാട്ടിൽ നിന്നും, കർണാടകയിൽ നിന്നും, ആന്ധ്ര പ്രദേശിൽ നിന്നും മറ്റുമായി കേരളത്തിലെത്തുന്നത്. ഇവയിൽ ഭൂരിഭാഗവും വിഷമയമാണ് താനും. ഓണം പോലുള്ള ആഘോഷ വേളകളിൽ ആവശ്യം നിറവേറ്റുന്നതിനായി എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു കൊണ്ടാണ് പഴങ്ങളും പച്ചക്കറികളും കേരളത്തിലേയ്ക്ക് കയറ്റി അയയ്ക്കുന്നത്.