യുഡിഎഫ് പ്രകടനപത്രിക ഇന്ന്


തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നു പ്രഖ്യാപിച്ചുകൊണ്ടു യുഡിഎഫ് പ്രകടനപത്രിക ഇന്നു പുറത്തിറക്കും. എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും പാര്‍പ്പിടം, എല്ലാവര്‍ക്കും ആരോഗ്യസുരക്ഷ എന്നതായിരിക്കും പ്രകടനപത്രികയിലെ മുദ്രാവാക്യം. ഇന്നു രാവിലെ 10.30ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൌസില്‍ ചേരുന്ന യുഡിഎഫ് യോഗത്തിനുശേഷം പ്രകടനപത്രിക പ്രകാശനം ചെയ്യും. വികസനവും കരുതലും എന്ന മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ചാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ക്കു രൂപം നല്‍കിയിരിക്കുന്നത്. പാര്‍ശ്വവത്കരിപ്പെട്ടവര്‍ക്കും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കുമുള്ള ക്ഷേമപദ്ധതികള്‍ കൂടുതല്‍ ഊര്‍ജിതമായി തുടരും. ഇതോടൊപ്പം മുന്നോക്ക വിഭാഗങ്ങളില്‍നിന്നുള്ള പാവപ്പെട്ടവര്‍ക്കും ആശ്വാസ നടപടികള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്പന്നവിഭാഗം ഒഴികെയുള്ള എല്ലാവരെയും ഉള്‍പ്പെടുത്തുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കും. സമൂഹത്തിലെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന ആരോഗ്യ സുരക്ഷാപദ്ധതി ആയിരിക്കും ഇത്. ഇടത്തരക്കാര്‍ക്കുകൂടി പ്രയോജനപ്പെടുന്ന വിപുലമായ ഭവനപദ്ധതിയും വിഭാവനം ചെയ്യുന്നു. ഭവനവായ്പകള്‍ക്കു പലിശ സബ്സിഡി നല്‍കുന്ന പദ്ധതിയാണിത്. കാര്‍ഷികവായ്പയുടെ മാതൃകയില്‍ കുറഞ്ഞ പലിശ നിരക്കു മാത്രം നല്‍കി വായ്പയെടുക്കാന്‍ കഴിയുന്ന തരത്തിലാണിത് ആസൂത്രണം ചെയ്തിരിക്കുന്നത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്ളാബുകളായി തിരിച്ചായിരിക്കും പലിശയിളവു നല്‍കുക. പലിശയിളവു ബാങ്കുകള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. കുറഞ്ഞ വരുമാനക്കാര്‍ കൂടാതെ ഇടത്തരക്കാര്‍ക്കും ഭവനനിര്‍മാണത്തിനു സഹായം നല്‍കുന്ന പദ്ധതി പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയുടെ നിലവാരം കൂട്ടാനുള്ള നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

You might also like

Most Viewed