നിസാമിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുഖവാസം


തൃശൂർ: ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിസാമിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുഖവാസം. ജയില്‍ചട്ടങ്ങള്‍ ലംഘിച്ചാണ് നിസാമിനെ പത്താം ബ്ലോക്കില്‍ താമസിപ്പിച്ചിരിക്കുന്നത് . ഇവിടെ നിസാമിനൊരു സഹായിയെയും ജയില്‍ സൂപ്രണ്ട് അനുവദിച്ചിട്ടുണ്ട്. മുഹമ്മദ് നിസാമിനെ കഴിഞ്ഞ ജനുവരി 22ന് ആണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. 73-16ാം നമ്ബര്‍ തടവുകാരനാണ് നിസാം. ജയിലിലെത്തി ദിവസങ്ങള്‍ക്കകം നിസാമിനെ പത്താം ബ്ലോക്കിലെ സി-11ാം നമ്ബര്‍ മുറിയിലേക്ക് മാറ്റി. മാനസിക രോഗമുളളവരെയും അച്ചടക്കം ലംഘിക്കുന്നവരെയുമാണ് പത്താം ബ്ലോക്കില്‍ താമസിപ്പിക്കുക. ഇവിടേക്ക് മാറ്റുന്നവരെക്കൊണ്ട് ജയിലിലെ ജോലികള്‍ ചെയ്യിക്കാറില്ല.

ഈ സൌകര്യം കണക്കിലെടുത്താണ് നിസാമിനെ പത്താം ബ്ലോക്കിലേക്ക് മാറ്റിയതെന്നാണ് ആരോപണം. കണ്ണൂര്‍ ജയിലില്‍ 12 ജീവപര്യന്തം തടവുകാരുണ്ട്. ഇവരെല്ലാം ജയിലില്‍ നിശ്ചയിക്കപ്പെട്ട ജോലികള്‍ ചെയ്യുമ്ബോഴാണ് ഒരു വിഭാഗം ജീവനക്കാരുടെ എതിര്‍പ്പ് അവഗണിച്ച്‌ നിസാമിനെ പത്താം ബ്ലോക്കിലേക്ക് ജയില്‍ സൂപ്രണ്ട് മാറ്റിയത്. സഹായിയെ അനുവദിച്ചതും ചട്ടം ലംഘിച്ചാണ്. അടിമാലി സ്വദേശിയായ രാജേഷ് എന്ന തടവുകാരനെയാണ് ആദ്യം സഹായിയായി നല്‍കിയത്. ഇയാള്‍ ശിക്ഷ കഴിഞ്ഞ് പുറത്ത് പോയതിനെ തുടര്‍ന്ന് വയനാട് സ്വദേശി ജയപ്രകാശിനെ സഹായിയായി നിയോഗിച്ചു. നിസാമിന് പുറമെ നിന്ന് ഭക്ഷണം എത്തിച്ച്‌ നല്‍കുന്നതായും ആരോപണമുണ്ട്. ഉന്നതങ്ങളില്‍ നിന്നുളള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിസാമിന് സൌകര്യങ്ങള്‍ അനുവദിക്കുന്നതെന്നാണ് ആക്ഷേപം.

You might also like

  • Straight Forward

Most Viewed