മലയാള ഭാഷയുടെ കാവല്‍ഭടന് , തിരുവനന്തപുരത്ത് പ്രതിമ


തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി കുറുപ്പിന്റെ സ്മാരകമായി തിരുവനന്തപുരത്ത് പ്രതിമ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ ഒ.എന്‍.വി അനുസ്മരണത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മലയാള ഭാഷയുടെ കാവല്‍ഭടനായിരുന്നു ഒ.എന്‍.വിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സ്പീക്കര്‍ എന്‍ ശക്തന്‍ എന്നിവരും അനുസ്മരിച്ചു. ഒ.എന്‍.വിയുടെ നിര്യാണത്തില്‍ ബഹുമാനം പ്രകടിപ്പിച്ച് സഭാ നടപടികളൊന്നും നടത്താതെ ഇന്നത്തേക്കു പിരിഞ്ഞു.

ഒ.എന്‍.വി ഇനി ദീപ്തസ്മരണ

ഒ.എന്‍.വി തന്നെ പേരിട്ട തൈക്കാട് ശാന്തി കവാടത്തില്‍ പൂര്‍ണ സംസ്ഥാന ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങ് നടന്നത്. സംസ്‌കാരത്തിനു മുന്നോടിയായി പ്രിയകവിയുടെ ശിഷ്യഗണങ്ങള്‍ ചേര്‍ന്നൊരുക്കിയ ഗാനാര്‍ച്ചനയും നടന്നു. 84 ഗായകര്‍ ചേര്‍ന്നാണ് ഗാനാര്‍ച്ചന നടത്തിയത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള രാഷ്ട്രീയ നേതാക്കളും യേശുദാസ് അടക്കമുള്ള സാംസ്‌കാരിക നേതാക്കളും ഇന്നുരാവിലെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് വിലാപ യാത്രയായി ശാന്തി കവാടത്തില്‍ കൊണ്ടുവന്നു. വന്‍ ജനാവലിയാണ് പ്രിയകവിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലും ശാന്തികവാടത്തിലുമായി എത്തിയത്.

ഒ.എന്‍.വിയോടുള്ള ആദരസൂചകമായി ഇന്ന് 11.30നു ശേഷമാണു നിയമസഭ ചേരുക. അനുശോചനം രേഖപ്പെടുത്തി മറ്റു നടപടികളിലേക്കു കടക്കാതെ സഭ പിരിയുമെന്നു സ്പീക്കര്‍ എന്‍ ശക്തന്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള കോളജുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകള്‍ക്കും സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഒ.എന്‍.വിയുടെ അന്ത്യം.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed