ഗുലാം അലിയുടെ ഗസല്‍ സന്ധ്യ ‘ചാന്ദ്നി രാത് കോഴിക്കോട്ട്

കോഴിക്കോട്: ശിവസേനയുടെ എതിര്‍പ്പുമൂലം രാഷ്ട്രീയ പ്രാധാന്യം നേടിയ ഗുലാം അലിയുടെ ഗസല്‍ സന്ധ്യക്കായി നഗരം കാതോര്‍ക്കുന്നു. വൈകുന്നേരം ആറിന് സ്വപ്നനഗരിയില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ നടക്കുന്ന പരിപാടിയില്‍ 15,000 പേര്‍ക്ക് ഇരിപ്പിട സൗകര്യമൊരുക്കി. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് പ്രവേശം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശകര്‍ ബാഗുകള്‍, വെള്ളക്കുപ്പികള്‍ എന്നിവ കൈവശം വെക്കാന്‍ പാടില്ളെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്‍െറ അതിഥിയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പരിപാടികളുടെ നിയന്ത്രണം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിധേയമായായിരിക്കും. സ്വപ്നനഗരി സി.സി.ടി.വി കാമറകളുടെ നിരീക്ഷണത്തിലായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വൈകുന്നേരം ആറിന് സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എം.കെ. മുനീര്‍, എ.പി. അനില്‍കുമാര്‍, എം.എ. ബേബി എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് ആദരിക്കും. കോഴിക്കോടിന്‍െറ ഉപഹാരം മേയര്‍ വി.കെ.സി. മമ്മദ്കോയ, ഗുലാം അലിക്ക് കൈമാറും. എം.കെ. രാഘവന്‍ എം.പി പൊന്നാട അണിയിക്കും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പ്രശംസാപത്രം സമര്‍പ്പിക്കും. എം.എല്‍.എമാരായ എളമരം കരീം, എ. പ്രദീപ്കുമാര്‍, എ.കെ. ശശീന്ദ്രന്‍, എം.വി. ശ്രേയാംസ്കുമാര്‍, എം.പി. വീരേന്ദ്രകുമാര്‍, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ സംബന്ധിക്കും.